ernakulam

TOPICS COVERED

എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പണം നല്‍കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി മാറിക്കഴിഞ്ഞു. കാശു കൊടുത്ത് പാമ്പുകടിയേല്‍ക്കേണ്ട ദുരവസ്ഥ. കാടുകയറിക്കിടക്കുന്ന ഇവിടെ പലരും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 

ഇത് മെട്രോ നഗരത്തിനകത്തെ വനമല്ല. എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ആറാം നമ്പര്‍ പ്ലാറ്റ്ഫോമിന് സമീപത്തെ പാര്‍ക്കിങ് സ്ഥലമാണ്. പണം ഈടാക്കിയാണ് പാര്‍ക്കിങ്. കാടുകയറിക്കിടക്കുന്ന ഇവിടെ ജീവന്‍ പണയപ്പെടുത്തിവേണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍. ഏത് സമയവും പാമ്പിന്‍റെ കടിയേല്‍ക്കാം. രാത്രിയില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ അപകടസാധ്യത പലമടങ്ങ് കൂടുതലാണ്. സ്വകാര്യകമ്പനിയുടെ മാര്‍ക്കിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ അഖില്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കരാര്‍ നല്‍കിയിരിക്കുകയാണ്. ഉത്തരവാദിത്തമേറ്റെടുക്കാന്‍ റെയില്‍വേയോ, ജിസിഡിഎയോ, കരാറുകാരനോ തയ്യാറല്ല.  പാര്‍ക്കിങ് ഫീസിന്‍റെ കാര്യത്തില്‍ സാധാരണക്കാരനെ പരമാവധി പിഴിയുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ സമയത്തേയ്ക്ക് 10 രൂപയും 24 മണിക്കൂര്‍ സമയത്തേയ്ക്ക് 30 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. കാറുകള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് 30 രൂപയും 24 മണിക്കൂറിന് 90 രൂപയുമാണ് ഫീസ്. കൊച്ചിയില്‍ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള ഏറെക്കുറെ എല്ലാ പാര്‍ക്കിങ് സ്ഥലങ്ങളുടെയും അവസ്ഥ ഇതുപോലെയാണ്. 

ENGLISH SUMMARY:

Ernakulam Junction railway station parking has transformed into a snake breeding ground, posing a significant danger to commuters. Vehicles are being parked in a neglected, overgrown area where people have narrowly escaped snake bites, highlighting a critical safety concern.