റോഡിന് സമീപത്തെ പുറമ്പോക്കിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയപ്പോള്‍ മുന്നില്‍ തെളിഞ്ഞത് പതിറ്റാണ്ടുകളായി ഒളിഞ്ഞിരുന്ന വെള്ളച്ചാട്ടം. മീങ്കുന്നം വെള്ളച്ചാട്ടമാണ് കാഴ്ചയുടെ ജലവസന്തം തീര്‍ക്കുന്നത്.
മൂവാറ്റുപുഴ മീങ്കുന്നം സെന്‍റ് ജോസഫ് പള്ളിയ്ക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ മറ്റൊരിടത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് മനോഹര കാഴ്ച ദൃശ്യമായത്. പതിറ്റാണ്ടുകളായി മറഞ്ഞിരുന്ന വെള്ളച്ചാട്ടം മറനീക്കി പുറത്തുവന്നതിന്‍റെ അത്ഭുതത്തിലാണ് പ്രദേശവാസികള്‍.
പള്ളിക്ക് മുന്നിലെ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് വാഹനങ്ങള്‍ നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനുമുള്ള സഞ്ചാരികളുടെ തിരക്കാണിവിടെ. അന്വേഷിച്ചും കേട്ടറിഞ്ഞുമൊക്കെ നിരവധിപ്പേരാണ് ദിനംപ്രതി ഇവിടേയ്ക്ക് എത്തുന്നത്.
പ്രകൃതി കനിഞ്ഞുതന്ന ഈ സൗന്ദര്യക്കാഴ്ചയെ വേണ്ട സൗകര്യങ്ങളൊരുക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.