കൊച്ചി കടവന്ത്രയിലെ ഓൺലൈൻ പലചരക്ക് വിതരണ കമ്പനിക്കെതിരെ പരാതിയുമായി നാട്ടുകാർ. ചെലവന്നൂർ റോഡിലെ സ്ഥാപനത്തിലേക്ക് ഇരുചക്ര വാഹങ്ങൾ അമിത വേഗത്തിൽ വരുന്നതും പോകുന്നതും അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കഴിഞ്ഞ രണ്ടര വർഷമായി കടവന്ത്ര ചെലവന്നൂർ റോഡിലെ ഡേവിഡ്‌സ് നഗറിന് സമീപം ഓൺലൈൻ പലചരക്ക് വിതരണ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഏറെ തിരക്കുള്ള റോഡിൽ സ്ഥാപനത്തിലെ ജീവനക്കാർ ഇരു ചക്ര വാഹനത്തിൽ അമിത വേഗത്തിലാണ് എത്തുന്നത്. റോഡരികിൽ വാഹങ്ങൾ പാർക്ക് ചെയുന്നത് മൂലം ഗതാഗത കുരുക്കും പതിവാണ്. പരാതി പറഞ്ഞ നാട്ടുകാരെ ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണം ഉണ്ട്. സ്ഥാപനത്തിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെയും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി.
കുട്ടികൾ ഉൾപ്പടെ റോഡിലൂടെ പേടിച്ചാണ് നടക്കുന്നത്. കൊച്ചി കോർപ്പറേഷനിലും പൊലീസിലും രണ്ട് വർഷത്തിൽ അധികമായി നാട്ടുകാർ പരാതി പറയുന്നുണ്ട്. സ്ഥാപനം പ്രദേശത്തു നിന്ന് മാറ്റണം എന്ന ആവശ്യമാണ് പ്രദേശവാസികൾക്ക് ഉള്ളത്.