കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ സി.ഐ പ്രതാപചന്ദ്രന്‍ മുഖത്തടിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി പിവി അന്‍വര്‍. മുന്‍പ്, വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു താൻ സഖാക്കൾ അടങ്ങുന്ന ജന സഞ്ജയത്തോട് തനിക്കറിയാവുന്ന സത്യങ്ങൾ വിളിച്ചു പറഞ്ഞതെന്ന് പൊലീസിനെതിരായ പഴയ ആരോപണങ്ങളെ സൂചിപ്പിച്ച് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'നിക്ഷിപ്ത താൽപര്യങ്ങളും നിഘൂഢ ലക്ഷ്യങ്ങളും ഉള്ളവർ ഭരണചക്രത്തിന്റെ സുപ്രധാന ഇടങ്ങൾ കയ്യടക്കുന്നത് ജനങ്ങളോട് തുറന്ന് പറയുന്നത് ധർമ്മവും കടമയും ആണ് എന്ന തിരിച്ചറിവായിരുന്നു എന്റെ പോരാട്ടങ്ങളുടെ അടിസ്ഥാനം. എന്റെ ആരോപണങ്ങളിലെ സത്യവും യാഥാർത്ഥ്യങ്ങളും അന്വേഷിക്കുന്നതിനും നടപടികൾ എടുക്കുന്നതിനും പകരം യാഥാർഥ്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചു വെക്കാനുള്ള കൗശലം ഉപയോഗിക്കുക മാത്രമാണ് സർക്കാർ ചെയ്തത്.
എനിക്കെതിരെ അപനിർമ്മിതികൾ നടത്തിയും വ്യക്തിപരമായി തേജോവധം ചെയ്തും അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. നിയമ പോരാട്ടങ്ങൾക്ക് ശേഷിയില്ലാത്ത എത്രയോ നീതിനിഷേധിക്കപ്പെട്ട,അധിക്ഷേപിക്കപ്പെട്ട സാധാരണക്കാർ ഇനിയുമുണ്ട്.അവരിൽ സഖാക്കളുണ്ട്,തൊഴിലാളികളുണ്ട്.
ഒരോ പൗരനും നീതി ലഭ്യമാക്കുക എന്നത് സർക്കാറിന്റെ ഉത്തരവാദിത്വവും പൗരന്റെ അടിസ്ഥാന അവകാശവുമാണ്. നമുക്ക് നീതിക്കായി നിലകൊള്ളുന്നതും പൗരാവകാശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുമായ പുതിയ സർക്കാറിനായി അണിചേരാം .. കൈകോർക്കാം'. – അന്‍വര്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ സി.ഐ പ്രതാപചന്ദ്രനെതിരെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സി.ഐ. പ്രതാപചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുന്ന സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് അടിയേറ്റത്. 2024 ജൂൺ 10 നാണ് സംഭവം നടക്കുന്നത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്.