മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിൽ കൂടുതൽ കേസെടുത്ത് പൊലീസ്. വടക്കേ ചേരുവാരം ഭാരവാഹികൾക്ക് പുറമെ തെക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുത്തു. അനുമതിയില്ലാത്ത സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയെന്നാണ് കേസ്
ഞായറാഴ്ച നടന്ന വെടിക്കെട്ടിന്റെ പേരിലാണ് മരട് പോലീസ് രണ്ടാമത്തെ കേസും റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെടിക്കെട്ട് നടത്തി എന്നാണ് കേസ്. ഇതിന്‍റെ പേരിൽ വടക്കേ ചേരുവാരം വിഭാഗത്തിന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവർക്ക് പുറമേ കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരെയും ഇന്നലെ കേസെടുത്തിരുന്നു. ഇതിന്‍റെ തുടർച്ചയാണ് തെക്കേ ചേരുവാരം വിഭാഗത്തിനെതിരെയും കേസെടുത്തത്. വെടിക്കെട്ടിനായി അനുമതിയില്ലാത്ത സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്ന് എഫ്ഐആറിലുണ്ട്.
ക്ഷേത്രത്തിന്‍റെ തെക്ക് ഭാഗത്തെ രണ്ട് മൈതാനങ്ങളിൽ ഞായറാഴ്ച രാത്രിയായിരുന്നു വെടിക്കെട്ട് പൊലീസ് അറിയിച്ചു. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് സ്ഫോടക വസ്തു നിയന്ത്രണ നിയമം, കേരള പൊലീസ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് കേസ്.