മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്‍റെ വടകര തോടന്നൂരിലെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളെകുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നും പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് യുഡിഎഫിന്‍റെ ആരോപണം.
പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചു എന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പോലീസിന്റെ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത.
ഇതിനുശേഷം, തിങ്കളാഴ്ചയാകും ജാമ്യാപേക്ഷയിൽ വാദം നടക്കുക. എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയത് തെറ്റാണെന്നും, മന്ത്രിയുടെ ദേഹത്ത് കെഎസ്‌യു പ്രവർത്തകർ സ്പർശിച്ചിട്ടില്ല എന്നും ഇതിന് ദൃശ്യങ്ങൾ തെളിവാണെന്നും കെഎസ്‌യു കോടതിയിൽ വാദിക്കും. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചുപേരാണ് കണ്ണൂർ സബ്ജയിൽ റിമാൻഡിൽ തുടരുന്നത്.