എറണാകുളം ഗോശ്രീ–മാമംഗലം റോഡ് വികസനത്തിൽ വീണ്ടും പ്രതീക്ഷ. മൂന്ന് പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിടാൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമാകുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലപരിശോധന നടത്തി.
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പ്. എറണാകുളം ഗോശ്രീ–മാമംഗലം റോഡ് വികസനത്തിന് വീണ്ടും ചുവടുവയ്പ്. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലപരിശോധന നടത്തി. ട്രാഫിക് പഠനത്തിനും റോഡിന്റെ അലൈൻമെന്റ് നിർണയത്തിനും സർവേ നടപടികൾക്കുമായി ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ മാസ്റ്റർ പ്ലാൻ പ്രകാരം 15 മീറ്റർ വീതിയിലാകും റോഡ് വികസനം. പദ്ധതിയുടെ തുടർനടപടികളും ഡി.പി.ആർ തയ്യാറാക്കലും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും.
കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി പദ്ധതിയുടെ നടപടികൾ മുന്നോട്ടുകൊണ്ടുപോകും. ഗോശ്രീ–മാമംഗലം റോഡ് യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗത സമ്മർദം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.