dukki-munnar-block

ശീതകാലം ആസ്വദിക്കാന്‍ ട്രിപ്പിനൊരുങ്ങുന്ന സഞ്ചാരികൾ ഇത്തവണ മൂന്നാറിലെത്താന്‍ ബുദ്ധിമുട്ടും. കല്ലാറിന് സമീപം റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. സഞ്ചാരികൾ മറ്റ് വഴികൾ ആശ്രയിക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിന് സമീപം രണ്ടാം മൈലിൽ കഴിഞ്ഞ മാസമാണ് വലിയതോതിൽ മണ്ണിടിഞ്ഞത്. ഒരു മാസത്തിനകം ഗതാഗതം പുനസ്ഥാപിക്കുമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. എന്നാൽ ഇതുവരെ പാതയിലെ മണ്ണ് പൂർണമായും നീക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായ ആനച്ചാലിലൂടെയാണ് സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നത്. ആംബുലൻസുകളടക്കം കുരുക്കിൽ കുടുങ്ങുന്നതും പതിവ് കാഴ്ചയാണ്. 

ഗതാഗതം എന്ന് പുനസ്ഥാപിക്കുമെന്ന് കാര്യത്തിൽ ദേശീയപാത അതോറിറ്റി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കാലാവസ്ഥ പ്രതികൂലമായൽ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയാണ്. ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കി സുരക്ഷിതയാത്ര ഒരുക്കിയില്ലെങ്കിൽ മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.