മുപ്പത്തിയേഴു വർഷം മുൻപ് പിതാവ് വെടിയേറ്റു മരിച്ച പൊലീസ് സ്റ്റേഷനിൽ മകനായ മെത്രാപ്പൊലീത്തയുടെ സന്ദർശനം. യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ സക്കറിയാസ് മാർ പീലക്സിനോസാണ് കോട്ടയം തിടനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെ ഹെഡ്കോ ൺസ്റ്റബിളായിരുന്നു മെത്രാപ്പൊലീത്തയുടെ പിതാവ് ഇട്ടിയവിര.
1989 ജനുവരി എട്ട്, സക്കറിയാസ് മാർ പീലക്സിനോസിന് അന്ന് പ്രായം പതിനാറ്. ഹെഡ് കോൺസ്റ്റബിളായിരുന്ന പിതാവ് മീനടം തേറാമ്പിൽ ഇട്ടിയവിരയുടെ ജീവൻ നഷ്ടമായത് തിടനാട് പൊലീസ് സ്റ്റേഷനിൽ വച്ചാണ്. 37 വർഷത്തിന് ശേഷം വിങ്ങുന്ന ഓർമയോടെയാണ് മാർ പീലക്സിനോസ് സ്റ്റേഷനിലെത്തിയത്.
ചുവരിൽ തൂക്കിയിട്ടുള്ള പിതാവിൻ്റെ ചിത്രത്തിന് മുൻപിൽ ഒരു നിമിഷം പ്രാർഥനയോടെ നിന്നു. ഫോണിൽ ആ ചിത്രം പകർത്തി. അന്ന് കള്ളനോട്ടു കേസിലെ പ്രതിയായ വിജയകുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇട്ടിയവിരയ്ക്ക് നേരെ വിജയകുമാർ നിറയൊഴിച്ചത്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇപ്പോഴും ഇവിടെയുണ്ട്.