പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ക്കെതിരായ തുടരന്വേഷണത്തിന് ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വേഷിച്ച എ.പി.ഷൗക്കത്തലി നേതൃത്വം നല്‍കും. ഡിവൈ.എസ്.പി ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥനായ സംഘത്തോട് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. പിണറായി വിജയന്‍റെ സന്തത സഹചാരികളെ രക്ഷിക്കാനായി തെളിവില്ലെന്ന പേരില്‍ പിണറായിയുടെ പൊലീസ് എഴുതി തള്ളാനൊരുങ്ങിയ കേസ്, പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷമായി ഒതുക്കിയിട്ടിരുന്ന ഉദ്യോഗസ്ഥനേക്കൊണ്ട് വീണ്ടും അന്വേഷിപ്പിക്കുന്നു. ഒറ്റത്തീരുമാനം കൊണ്ട് രണ്ട് തരത്തില്‍ മധുര പ്രതികാരം നടത്തുകയാണ് വി.ഡി.സതീശന്‍ സര്‍ക്കാര്‍.
നവകേരളയാത്രക്കിടെയായിരുന്നു ഗണ്‍മാന്‍മാരായ അനില്‍കുമാറും സന്ദീപും മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച എ.ഡി.തോമസിനെയും അജയിയേയും ക്രൂരമായി മര്‍ദിച്ചത്. സസ്പെന്‍ഷനോ അറസ്റ്റോ ചെയ്യാതെ പിണറായി സര്‍ക്കാര്‍ സംരക്ഷിച്ച ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ അവരുടെ സസ്പെന്‍ഷന്‍ ഉറപ്പായി. ഇതോടെ പിണറായിക്ക് സന്തതസഹചാരികളെ കൈവിടേണ്ടി വന്നേക്കും. പത്ത് വര്‍ഷക്കാലം പിണറായി ഒതുക്കിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിന്‍റെ മേല്‍നോട്ടമേല്‍പ്പിച്ചതാണ് രണ്ടാം പ്രതികാരം.
നിലവില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയായ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ടി.പി കേസ് കൊലയാളികളായ കൊടി സുനി ഉള്‍പ്പടെയുള്ളവരെ പിടികൂടിയതും സി.പി.എം നേതാക്കളെ ചോദ്യം ചെയ്തതും.. അതിന്‍റെ വൈരാഗ്യമെന്നോണം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഷൗക്കത്തലിക്ക് മികച്ച പദവികളൊന്നും നല്‍കാതിരുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൗജു പൗലോസാണ് ഇതിലേയും അന്വേഷണ ഉദ്യോഗസ്ഥന്‍.
അതേസമയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പങ്കെടുത്ത പരിപാടിയില്‍ പിണറായിക്കൊപ്പം ഗണ്‍മാന്‍മാര്‍ ഉണ്ടായിരുന്നില്ല. എങ്കിലും അനില്‍കുമാറും സന്ദീപും ഇപ്പോഴും പ്രതിപക്ഷനേതാവെന്ന നിലയില്‍ പിണറായിക്കൊപ്പം തന്നെയാണ്.