തൃശൂരിലെ വ്യത്യസ്തനായൊരു കൗൺസിലറെ പരിചയപ്പെടാം. ജനപ്രതിനിധിയായി തിരഞ്ഞെടുത്തപ്പോഴും ബാർബർ ജോലി വിടാത്ത വടൂർക്കര സ്വദേശി അനിൽകുമാർ. ജീവിത സാഹചര്യങ്ങൾ കാരണം ഇനി മത്സരിക്കാൻ ഇല്ലെന്നാണ് അനിൽകുമാർ പറയുന്നത്.
ഇദ്ദേഹം തികച്ചും വ്യത്യസ്തനാണ്. അതെ വ്യത്യസ്തനാമൊരു ബാർബറാം കൗൺസിലർ. രണ്ടു വിരലിൽ കത്രികയും ചീപ്പും കോർത്തിണക്കി രണ്ടര പതിറ്റാണ്ടിലേറെയായി അനിൽകുമാർ ബാർബർ ജോലി ചെയ്യുന്നു. അങ്ങനെയിരിക്കെയാണ് പാർട്ടി ആഗ്രഹപ്രകാരം കഴിഞ്ഞതവണ വടൂക്കര ഡിവിഷനിലെ സ്ഥാനാർത്ഥിയായി കോർപ്പറേഷനിലേക്ക് മത്സരിക്കുന്നത്. 700 ലേറെ വോട്ടുകൾ നേടി ജയിക്കുകയും ചെയ്തു. ഇത്തവണ ജനപ്രതിനിധി ആകാൻ ഇല്ലെന്നാണ് അനിൽകുമാർ പറയുന്നത്.
ജീവിത വഴിയിൽ നേരിട്ട ദാരിദ്ര്യം ആണ് 7 ആം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് അച്ഛന്‍റെ പാത പിന്തുടരാൻ പ്രേരിപ്പിച്ചത്. അങ്ങനെ അവിടെ വെച്ച് തുടങ്ങിയ യാത്ര ഇന്ന് കൗൺസിലറിൽ എത്തി. എന്നാൽ തന്‍റെ ജോലിയെ ആത്മാർത്ഥമായി സ്നേഹിച്ച അദ്ദേഹം പറയുന്നു ഇനി ജനങ്ങൾക്കായി പ്രവർത്തിക്കാൻ ഇറങ്ങിയാൽ കുടുംബം പട്ടിണിയാകും. കുട്ടിക്കാലം മുതലേ കൂടെ കൂടിയ ഈ ബാർബർ ജോലിയുടെ സൗന്ദര്യം കെട്ടുപോകാതെ അനിൽകുമാറിന്‍റെ ജീവിതയാത്ര ഇനിയും തുടരും