തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംഘർഷത്തിൽ 13 ഇടതുപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മേയറുടെ സ്റ്റാഫ് അംഗത്തിനും കോൺഗ്രസ് കൗൺസിലർക്കും പരുക്ക്.

ഇടതുപക്ഷത്തെ കൗൺസിലർമാർക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടം നൽകാതിരുന്നതിനേ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കൗൺസിൽ യോഗത്തിൽ പൊതുചർച്ചക്ക് മേയർ മറുപടി പറയുന്നതിനിടെ പ്രകോപിതനായ ഇടതുപക്ഷ കൗൺസിലർ അനീസ് മുഹമ്മദ് നാടകീയമായി മേയറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് എത്തിയതോടെ കോൺഗ്രസ് അംഘങ്ങൾ പ്രതിരോധിച്ചു. തുടർന്നാണ് കയ്യാംകളി ഉണ്ടാകുന്നത്.

സംഘർഷത്തെ തുടർന്ന് ഇടതുപക്ഷത്തെ 13 കൗൺസിലർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. മേയറുടെ സ്റ്റാഫ് അംഗം സുനിൽ രാജിനും കോൺഗ്രസ് കൗൺസിലർ മേഴ്സി അജിക്കും പരുക്കേറ്റു. ഇരിപ്പിടത്തെ ചൊല്ലി മാത്രമല്ല, മറ്റു വിഷയങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ജനാധിപത്യപരമായാണ് ഞങ്ങൾ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷനേതാവ് ടി ആർ ഹിരൺ പറഞ്ഞു. മൂന്നാമത്തെ കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ തൃശൂർ കോർപ്പറേഷനിൽ അരങ്ങേറിയത്.