കോട്ടയം മുണ്ടക്കയം മേഖലയിൽ കുരങ്ങ് ശല്യം പതിവായി. കാർഷികവിളകൾ നശിപ്പിക്കുന്നതിനൊപ്പം കുട്ടികൾക്ക് ഉൾപ്പെടെ പുറത്തിറങ്ങാനും പേടിയായി. ഏഴു കുരങ്ങുകളാണ് ഏറെനാളായി പ്രദേശത്ത് താവളമാക്കിയിരിക്കുന്നത്.
മുണ്ടക്കയം ചെളിക്കുഴി മേഖലയിൽ ചുറ്റി തിരിയുന്ന കുരങ്ങുകൾ മുണ്ടക്കയം ടൗണിലുള്ള ഒരു റബർ തോട്ടത്തിലാണ് തമ്പടിച്ചിരിക്കുന്നത്. ചുറ്റും നിരവധി വീടുകളുള്ള പ്രദേശമാണ്. കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏഴ് കുരങ്ങുകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തേങ്ങ, ഇളനീർ, സപ്പോട്ട, പേരയ്ക്ക, ചാമ്പ,മറ്റ് കാർഷിക ഫലങ്ങളും നശിപ്പിക്കുന്നു. ചെറുതെങ്ങുകളിൽ കയറി കൂടുന്ന കുരങ്ങുകൾ തെങ്ങിലെ കായ് ഫലം പൊഴിച്ച് കളയുകയാണ്. പയർ, കപ്പ തുടങ്ങിയവും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നു.
വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങളും പുറത്തു വയ്ക്കുന്ന പാത്രങ്ങളും കുരങ്ങ് കൊണ്ടുപോകുകയാണ്. ഇതോടെ കുട്ടികൾക്ക് പുറത്തിറങ്ങാനും പേടിയായി. സമീപത്ത് വനമേഖലയില്ല. ശബ്ദം ഉണ്ടാക്കി ഓടിച്ചു വിട്ടാലും അരമണിക്കൂറിനകം കുരങ്ങുകള്‍ തിരികെയെത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോട് പരാതിപ്പെടും? എന്താണ് പരിഹാരം എന്ന് ആർക്കുമറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.