ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുട്ടിക്കുരങ്ങന്‍, ജനിച്ചയുടന്‍ അമ്മ അവനെ ഉപേക്ഷിച്ചു... മറ്റ് കുരങ്ങുകളും തിരിഞ്ഞുനോക്കിയില്ല... പക്ഷേ അവന്‍ അറിയുന്നുണ്ടാകുമോ, അവന്‍ ഇന്നീ ലോകത്തിന്‍റെ പൊന്നോമനയാണെന്ന്? പറഞ്ഞുവരുന്നത് ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട പഞ്ചിനെ പറ്റിയാണ്...
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പഞ്ചിന്‍റെ ജനനം. ജനിച്ച ഉടനെ പഞ്ചിനെ അമ്മ ഉപേക്ഷിച്ചു. ഓരോ തവണയും അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോളും അമ്മക്കുരങ്ങ് അവനെ ആട്ടിയകറ്റി. അമ്മയുടെ ശരീരത്തോട് പറ്റിച്ചേര്‍ന്ന് വളരേണ്ടിയിരുന്ന സമയമെല്ലാം ആ കുഞ്ഞന്‍ തനിച്ചായി.
അമ്മയുടെ സ്നേഹം കിട്ടാതെ വളര്‍ന്ന അവനെ മൃഗശാലയിലെ ജീവനക്കാര്‍ ഏറ്റെടുത്തു. കുപ്പിപ്പാല്‍ നല്‍കി അവര്‍ അവന് സ്നേഹത്തിന്‍റെ തണലായി. ഇടയ്ക്ക് മൃഗശാലയിലെ മറ്റ് കുരങ്ങുകള്‍ക്കിടയിലേക്ക് അവനെ വിട്ടെങ്കിലും വഴി കാണിക്കാൻ അമ്മയില്ലാത്ത പഞ്ച് ബുദ്ധിമുട്ടി.
അവനെ ഒറ്റപ്പെടലിൽനിന്ന് രക്ഷിക്കാനായി മൃഗശാല അധികൃതര്‍ കണ്ടെത്തിയ വഴിയായിരുന്നു ഐക്കിയ ബ്രാൻഡിന്‍റെ ഒരു സോഫ്റ്റ് ടോയ്, ഒറാംഗുട്ടാന്‍റെ മാതൃകയിലുള്ള പാവ. അവരതിന് ‘ഓറ-മാമ’ എന്ന് പേരിട്ടു. പതിയെ പഞ്ച് ആ പാവയില്‍ ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തി. പിന്നീട് എല്ലായിപ്പോളും ആ പാവയ്ക്കൊപ്പമായി.
മറ്റാരെയും അവന്‍ ആ പാവയെ തൊടാന്‍ അനുവദിച്ചില്ല. എവിടെപ്പോകുമ്പോളും പഞ്ചിന്‍റെ കൂടെ അവന്‍റെ ഓറ മാമയുമുണ്ടാകും. അവനെക്കാൾ വലുതാണെങ്കിലും ആ പാവയെ അവന്‍ എല്ലായിടത്തും വലിച്ചിഴച്ചുകൊണ്ടുനടന്നു. ഉറക്കം പോലും ആ പാവയെ കെട്ടിപ്പിടിച്ചായി. ആ പാവയ്ക്കൊപ്പം ഒറ്റയ്ക്ക് കളിക്കുന്ന പഞ്ചിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെറുനോവ് പടര്‍ത്തി.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിതുടങ്ങിയുണ്ട്. അടുത്തിടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ പഞ്ച് മറ്റൊരു കുരങ്ങിന്‍റെ പുറത്ത് കയറുന്നതും, മറ്റ് കുരങ്ങുകള്‍ക്കൊപ്പം ഇരിക്കുന്നതും കാണാം. പയ്യെ അവന്‍ മറ്റ് കുരങ്ങുകളോടും പൊരുത്തപ്പെട്ടു വരികയാണ്. ആ കുരങ്ങുകള്‍ക്കിടയില്‍ അവന്‍റെ അമ്മയുമുണ്ട്.
ജാപ്പനീസ് മക്കാക്കുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് അസാധാരണമല്ലെന്നാണ് മൃഗശാല അധികൃര്‍ പറയുന്നത്. അതിന് നിരവധി കാരണങ്ങളുമുണ്ട്. എന്തായാലും പഞ്ച്, മൃഗശാലയിലെ മത്രമല്ല, ഈ ലോകത്തിലെ തന്നെ താരമായതിൽ അതിശയിക്കാനില്ല. ഒറ്റപ്പെടലിന്‍റെ നോവ് അറിയുന്നവരെല്ലാം, അവനെ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു...
പഞ്ചിനെ കാണാന്‍ ഇന്ന് മൃഗശാലയില്‍ എത്തുന്നവരുടേയും എണ്ണം കൂടിയിട്ടുണ്ട്. പഞ്ചിനെ ദത്തെടുക്കാൻ ആഗ്രഹിച്ചും ആളുകളെത്തുന്നുണ്ട്. പഞ്ചിന്‍റെ കയ്യിലുള്ള പാവയുടെ നിര്‍മാതാക്കളായ കമ്പനിയാകട്ടെ വീണ്ടും കുറച്ച് പാവകൾ സമ്മാനിച്ചാണ് പഞ്ചിനോട് സ്നേഹം പ്രകടിപ്പിച്ചത്. പഞ്ച് കാരണം തങ്ങളുടെ പാവയുടെ വില്‍പനയില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്തായാലും സ്റ്റഫ് ചെയ്ത ആ കളിപ്പാട്ടം ആവശ്യമില്ലാത്ത ഒരു ദിവസം പഞ്ചിന് വരുമെന്ന പ്രതീക്ഷയിലാണ് മൃഗശാല ജീവനക്കാരും ലോകവും.