കപ്പല്‍ അപകടങ്ങളെ തുടർന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ മത്സ്യ ബന്ധനത്തിന് ഭീഷണിയാകുന്നു. കണ്ടെയ്നറുകളിൽ ഉടക്കി നിരവധി വള്ളങ്ങളിലെ ലക്ഷങ്ങൾ വിലവരുന്ന വലകൾ നശിച്ചു. വള്ളമുടമകൾക്ക് നഷ്ട പരിഹാരം നൽകണമെന്നാണ് ആവശ്യമുയരുന്നത്.
കടലിൽ വീണ കണ്ടെയ്നറുകളും കപ്പലിൽ നിന്ന് പതിച്ച വസ്തുക്കളും ഇതുവരെ നീക്കം ചെയ്തിട്ടില്ല . ഇതാണ് മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുന്നത്.
നേരത്തെ കടലിലുള്ള ഇത്തരം വസ്തുക്കൾ എവിടെയാണുള്ളതെന്ന് മത്സ്യത്തൊഴിലാളികൾക്ക് അറിയാവുന്ന തിനാൽ ആ ഭാഗങ്ങളിൽ മത്സ്യബന്ധനം നടത്താറില്ല. ഇപ്പോൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് വല ഉടക്കുന്നത്.
കഴിഞ്ഞ ദിവസംതോട്ടപ്പള്ളിയിൽ നിന്ന് കടലിൽ പോയ പുന്നപ്ര കല്ലുപറമ്പിൽ അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളത്തിന്റെ പുതിയ വലയ്ക്ക് കേടുപാടുണ്ടായി. വലയിലുണ്ടായിരുന്ന എട്ടു ലക്ഷം രൂപയോളം വിലവരുന്ന മത്സ്യം നഷ്ടപ്പെട്ടു. 16 ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച വലയുടെ നല്ലൊരു ഭാഗവും കേടായി.
ആഴ്ചകളോളം നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഒന്നിച്ച് പ്രയത്നിച്ചാണ് മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്ന തരത്തിൽ വല ഒരുക്കിയെടുക്കുന്നത്. വല വാങ്ങുവാൻ അഞ്ചുലക്ഷം രൂപയോളം ചെലവ് വരും.വല നഷ്ടമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്നില്ല. ട്രോളിങ്ങ് നിരോധനമായതിനാൽ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്. ഇത്തരം അപകടങ്ങൾ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് വള്ളമുടമകൾക്കും മത്സ്യത്തൊഴിലാളികൾക്കുമുണ്ടാകുന്നത്.