ആലപ്പുഴ തലവടി നീരേറ്റുപുറത്ത് കോളറ ബാധ സ്ഥിരീകരിച്ച തലവടി സ്വദേശി പി.ജി രഘുവിന്‍റെ ആരോഗ്യസ്ഥിതിക്ക് മാറ്റമില്ല. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രഘു കഴിയുന്നത്. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടവും ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് 48കാരൻ പി.ജി രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കി. ആരോഗ്യവകുപ്പിന്‍റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
സംസ്ഥാനത്തെ ഈ വർഷത്തെ രണ്ടാമത്തെ കേസാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരൻ കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞമാസം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശിക്കും കോളറയായിരുന്നെന്ന് സംശയമുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.