ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റം മൂന്നാറിലേതിനേക്കാൾ വലുതാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റവന്യൂ ഉദ്യോഗസ്ഥർ കയ്യേറ്റത്തിന് കൂട്ട് നിന്നെന്നും രേഖകൾ മനപ്പൂർവം നശിപ്പിച്ചുവെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ കയ്യേറ്റം അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച ഐ.ജി കെ. സേതുരാമന്റെയും മുൻ കലക്ടർ എച്ച്. ദിനേശന്റെയും നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പീരുമേട്, മഞ്ചുമല വില്ലേജുകളിൽ വ്യാപകമായ കയ്യേറ്റം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിന് വേണ്ടി സർവേ നമ്പറുകൾ മാറ്റിയതോടൊപ്പം കുന്നുകൾ ഇടിച്ചുനിരത്തി കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. സർക്കാർ പുറമ്പോക്ക് ഭൂമി പതിപ്പിക്കാൻ അനുവദിക്കരുതെന്ന ചട്ടവും നാലേക്കറിന് മേൽ പട്ടയം അനുവദിക്കരുതെന്ന നിയമവുമെല്ലാം ലംഘിച്ചാണ് കയ്യേറ്റക്കാർക്ക് റവന്യൂ ഉദ്യോഗസ്ഥർ സഹായം നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വർഷങ്ങളായി ഇടുക്കിയിൽ ജോലി ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
പട്ടയം അനുവദിക്കുന്നതിനായി ഉപയോഗിച്ച രേഖകൾ താലൂക്ക് ഓഫീസിൽ നിന്ന് നശിപ്പിച്ചതിന്റെ പിന്നിൽ കയ്യേറ്റക്കാരെ സഹായിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കയ്യേറ്റം കണ്ടെത്തിയ രണ്ട് വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടന്നു വരികയാണ്. കയ്യേറ്റ ഭൂമി ഇതിൽ ഉൾപ്പെടുത്തി രേഖകൾ ശരിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾക്ക് ഇടുക്കി സബ് കലക്ടറെയോ ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശം.