suraj-lama-kochi-missing-person

കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എവിടെയെന്ന് ഹൈക്കോടതി. എന്തു സിസ്റ്റമാണ് ഇവിടുത്തേതെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. റിപ്പോര്‍ട്ട് കിട്ടാത്തത് ഞെട്ടിപ്പിക്കുന്നതെന്നും കോടതി. സൂരജ് ലാമ തിരോധാനക്കേസില്‍ നെടുമ്പാശേരി എസ്എച്ചഒ നേരിട്ട് കോടതിയില്‍ ഹാജരായപ്പോഴാണ് ഹൈക്കോടതി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്ത് അന്വേഷണമാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ ലോകം കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

നേരത്തേയും സൂരജ് ലാമ വിഷയം കൈകാര്യം ചെയ്തതില്‍ നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതരുള്‍പ്പടെയുള്ളവരെയും കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റൊരു രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടയാള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ പാലിക്കേണ്ട ഒരു ചട്ടവും പാലിച്ചില്ലെന്നും ആശുപത്രിയില്‍ നിന്ന് ഇയാളെ കാണാതായതെങ്ങനെയാണെന്നും കോടതി ചോദ്യം ഉയര്‍ത്തിയിരുന്നു.

കളമശേരി എച്ച്എംടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹമാണ് ഡിഎന്‍എ പരിശോധനയിലൂടെ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചത്. മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടാണ് ഒക്ടോബര്‍ 5ന് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ബന്ധുക്കളെ അറിയിക്കാതെയാണ് സൂരജ് ലാമയെ കൊച്ചിയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടതെന്നായിരുന്നു മകന്‍ സന്ദന്‍ ലാമയുടെ ആരോപണം. 

നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ സൂരജ് ലാമ മെട്രോ റെയിൽ കോർപറേഷന്‍റെ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ വരെ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികില്‍സയും തേടി. എന്നാല്‍ പരിശോധനയില്‍ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷമാണ് സൂരജിനെ കൊച്ചിയിലേക്കാണ് കുവൈത്തില്‍ നിന്നും കയറ്റിവിട്ടതെന്ന് കുടുംബം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മകന്‍ സ്വന്തം നിലയില്‍ നടത്തിയ തിരച്ചില്‍ വിഫലമായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഒടുവില്‍ നവംബര്‍ 30ന് എച്ച്എംടിയിലെ കാടുമൂടിയ ഭാഗത്ത് നിന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം, സൂരജ് ലാമയുടേത് കേവലം മരണമല്ല, കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തുണ്ട്. ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ സൂരജ് ലാമ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും കുടുംബം പറയുന്നു. എല്ലാ സംവിധാനങ്ങൾക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം കുടുംബം പ്രതികരിച്ചത്. ഓർമ്മശക്തി ഇല്ലാതെ എത്തിയ സൂരജ് ലാമയെ കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതർ കൃത്യമായി പരിചരിച്ചില്ല. അവർ ആവശ്യമായ സഹായം നൽകിയിരുന്നെങ്കിൽ സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നു. ആശുപത്രിക്കെതിരെ പരാതി നൽകുമെന്നും, നീതി ഉറപ്പാക്കണമെന്നും കുടുംബം പറഞ്ഞു.

ENGLISH SUMMARY:

The Kerala High Court has expressed shock and anger over the police's failure to produce the post-mortem report of Suraj Lama, a deportee from Kuwait who was found dead in Kochi. During a hearing on February 9, 2026, the court questioned the efficacy of the law enforcement system, noting that a common man’s life seems to hold no value unless they are a VIP. Justice Devan Ramachandran observed that if protocols were followed, Suraj Lama would still be alive. The court rebuked the Nedumbassery SHO for the lack of coordination and transparency in the investigation. The DNA test recently confirmed that the decomposed body found near HMT Kalamassery belonged to Lama. The family has alleged that the death was a murder resulting from systemic neglect. Stay updated on the Suraj Lama case investigation and Kerala High Court's latest orders. Follow for live updates on this judicial intervention.