ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് കേസ് കൂടി റജിസ്റ്റർ ചെയ്തേക്കും. 2017 ലെ കൊടിമര പുനപ്രതിഷ്ഠയിലും 2025 ൽ ദ്വാരപാലക ശിൽപ്പ പാളികൾ വീണ്ടും സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതിലും പ്രത്യേകം കേസെടുക്കാനാണ് എസ് ഐ ടിയുടെ ആലോചന. യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെ ദേവസ്വം ബോർഡാണ് കൊടിമര പുനപ്രതിഷ്ഠ നടത്തിയത്. ഇതുവഴി അനധികൃത പണപ്പിരിവും വാജീവാഹനം ഉൾപ്പെടെയുള്ളവയുടെ അനധികൃത കൈമാറ്റവും നടന്നെന്നാണ് കണ്ടെത്തൽ. കേസെടുത്താൽ അജയ് തറയിൽ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കുരുക്കാകും.
അതേസമയം, കേസിൽ പ്രത്യേക സംഘം നിർണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്നതടക്കമുള്ള വിശദാംശങ്ങളാണ് എസ്.ഐ.ടി കോടതിയെ അറിയിക്കുക. കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്നു വിശദവാദവും കേള്‍ക്കും.
സ്വർണക്കൊള്ളയിൽ സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് പരിഗണിക്കുക. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും ശാസ്ത്രീയ പരിശോധനാ ഫലവും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എസ്‌ഐടി നേരിട്ട് അറിയിക്കും. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു.
ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ സ്വാര്‍ണാപഹരണകേസുകളിലാണ് തന്ത്രി ജാമ്യാപേക്ഷയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് വാദം. എന്നാല്‍ സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്ക് മുഖ്യ പങ്കെന്നാണ് എസ്.ഐ.ടി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാമ്യത്തിനെതിരെ ഇന്നു പ്രോസിക്യൂഷന്‍ കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുമെന്നാണ് സൂചന.