വൈക്കത്ത് കനത്ത മഴ; കാറ്റിലും മഴയിലും വൻ നാശനഷ്ടം

വൈക്കത്തുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. വൈക്കം അയ്യർകുളങ്ങരയിൽ കൂറ്റൻ മരം കടപുഴകി വീണ് ലക്ഷങ്ങളുടെ പൈപ്പുകളും അനുബന്ധ സാമഗ്രികളും നശിച്ചു. 50ലധികം ഇലക്ട്രിക് പോസ്റ്റുകളും മരം വീണ് തകർന്നിട്ടുണ്ട്. തൊഴുത്ത് തകർന്ന് വീണ് പശുക്കൾക്ക് പരുക്കേറ്റു.

വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് നിൽക്കുന്നപതിറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരം കടപുഴകി വീണാണ് പൈപ്പുകൾ തകർന്നത്. അമൃത് പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിനായി  സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന പൈപ്പുകളാണ് പൊട്ടിപോയത്. നഗരസഭ പരിധിയിൽ അമൃത് പദ്ധതി നടപ്പാക്കി വരുന്നതിനിടെയാണ് പൈപ്പുകൾ നശിച്ചത്.അമ്പത്തിഅയ്യായിരം മീറ്റർ ചെറിയ പൈപ്പും 16 കിലോമീറ്റർ വലിയ പൈപ്പുകളുമാണ് 6 മാസം മുമ്പ് എത്തിച്ച് ഇവിടെ സൂക്ഷിച്ചിരുന്നത്. 

5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ചെട്ടിമംഗലത്ത് പത്മനാഭൻ എന്ന ക്ഷീരകർഷകൻ്റെ തൊഴുത്ത് മരം വീണ് തകർന്ന് ആറ് പശുക്കൾക്കാണ് പരുക്കേറ്റത്. 

തൊഴുത്തിന്‍റെ  തൂണ് വീണ് പരുക്കേറ്റ ഒരു പശുവിൻ്റെ നില ഗുരുതരമാണ്. 50ലധികം പോസ്റ്റുകളും ഒരു ട്രാൻസ്ഫോർമറും മരം വീണ് തകർന്നു. വൈക്കത്തെ പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ച നിലയിലാണ്. 

Heavy damage due to wind and rain in Vaikom