സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇടവിട്ട് പെയ്യുന്ന കനത്ത മഴ തുടരുന്നു.  ഖസീം പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. രാജ്യത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരുകയാണ്. ഉനൈസ നഗരത്തില്‍ റോഡിൽ വെള്ളം കയറി പലയിടങ്ങളിലും ഗതാഗതം താറുമാറായി. ഒരു മണിക്കൂറിനിടെ 70 മില്ലിലിറ്റര്‍ മഴയാണ് പെയ്തത്. ഉനൈസയിലെ താഴ്‌വരകളില്‍ മലവെളളപ്പാച്ചിലില്‍ കുടുങ്ങിയ നാലു പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഖസിം പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിട്ടത്. മഴയെ തുടർന്ന് ദഹ്‌റാന്‍ കിങ് ഫഹദ് സര്‍വകലാശാല ക്യാംപസിലെ മസ്ജിദിന്റെ മേല്‍ക്കൂര തകര്‍ന്നു.  സ്റ്റീല്‍ ട്രസ്സ് റൂഫാണ് തകര്‍ന്നത്. ആര്‍ക്കും പരുക്കില്ല. അതേസമയം റിയാദിൽ നേരിയ തോതിൽ മാത്രമാണ് മഴ പെയ്തത്.  മഴയെ തുടര്‍ന്ന് അടച്ചിട്ട റിയാദ് കിങ് ഫഹദ് റോഡിലെ ടണല്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. വെള്ളക്കെട്ടിന് സാധ്യത കണക്കിലെടുത്താണ് റിയാദ് റോഡിലെയും കിംഗ് ഫഹദ് റോഡിലെയും ടണലുകള്‍ അടച്ചത്. ഖാസിം, ബഹ, വടക്കന്‍ അതിര്‍ത്തികള്‍, ജൗഫ്, ജസാന്‍, അസീര്‍, മക്ക, മദീന, റിയാദ് എന്നിവിടങ്ങളില്‍ മെയ് 8 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിയാദ് പ്രവിശ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനമർദത്തെ തുടർന്ന് മക്കയിലും മദീനയിലും ഉൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. വാദികൾ നിറഞ്ഞൊഴുകി. റോഡുകളിൽ വെള്ളം കയറി ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാടും സംഭവിച്ചിരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നിർദേശിച്ചു.

Heavy rain in saudi arabia