ജീവിതത്തിന്‍റെ കനൽ വഴികൾ താണ്ടി ഊരാളി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ പൊലീസ് ഓഫീസറായി നിയമനം നേടുന്നതിന്‍റെ സന്തോഷത്തിലാണ് ജി പ്രവീൺ. ഇടുക്കി വഞ്ചിവയൽ സ്വദേശിയായ പ്രവീണിന് പറയാനുള്ളത് ഇല്ലായ്മകളോട് പൊരുതി ജയിച്ച അതിജീവനത്തിന്റെ കഥയാണ്
പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വഞ്ചിവയൽ ഗ്രാമത്തിൽ നിന്നാണ് പ്രവീണിന്റെ ജീവിതയാത്ര തുടങ്ങുന്നത്. കൊടും വനത്തിൽ വന്യജീവികളോട് മാത്രമല്ല ഇല്ലായ്മകളോടും പട്ടിണിയോടും കലഹിച്ചാണ് ഇന്നി നേട്ടം. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സാഹചര്യം പല തവണ മുന്നിൽ വന്നു. എന്നാൽ ലക്ഷ്യബോധം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടുപോകാൻ ധൈര്യം പകർന്നു.
ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബികോം ബിരുദം നേടിയ പ്രവീൺ പിന്നീട് മത്സര പരീക്ഷകളിലേക്ക് ഉന്നം ഇടുകയായിരുന്നു. എസ് സി വകുപ്പ് സിവിൽ സർവീസ് പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തതിൽ ഒന്നാം സ്ഥാനക്കാരനായി. പിന്നീട് വാശിയോടെ യു പി എസ് സി പരിശീലനം തുടർന്നു. കഴിഞ്ഞ വർഷം എസ് ഐ പരീക്ഷ എഴുതി. പ്രത്യേക റിക്രൂട്ട്മെന്റ് ആൻഡ് ജനറൽ റാങ്ക് ലിസ്റ്റുകളിൽ ആദ്യ ഏഴിൽ പ്രവീൺ ഇടം പിടിച്ചു.
പരിമതികളിൽ തട്ടിത്തടഞ്ഞു വീണു പോകുന്നവർക്ക് പ്രവീണിന്റെ വാക്കുകൾ ഓർത്തെടുക്കാം. ഏതു പ്രതിസന്ധിയിലും തളരാത്ത മനോവീര്യം പ്രവീണിന് വെച്ച് നീട്ടിയിരിക്കുന്നത് പുതിയൊരു ജീവിതമാണ്. വിദൂരമായിരുന്ന ഒരു സ്വപ്നം കയ്യടക്കിയതിന്‍റെ ആഹ്ളാദത്തിലാണ് പ്രവീണും കുടുംബവും.