TOPICS COVERED

പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ അഞ്ചു ദിവസം പൂട്ടിയിട്ടു മർദിച്ച സംഭവത്തിൽ മുഖ്യപ്രതിയെ ഒരു മാസമായിട്ടും പിടികൂടിയില്ല. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭു ഒളിവിലെന്നാണ് പൊലീസിന്റെ ഭാഗം. അതേസമയം കേസ് ഒത്തു തീർപ്പാക്കാൻ പൊലീസ് ശ്രമം നടക്കുന്നെന്ന് മർദനമേറ്റ വെള്ളയ്യൻ മനോരമന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയനെ ക്രൂരമായ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്. പറമ്പിലെ ബിയർ കുപ്പിയെടുത്ത് കുടിച്ചെന്ന് ആരോപിച്ചു ഫാംസ്റ്റേ ഉടമ പ്രഭു അഞ്ചു ദിവസം പൂട്ടിയിട്ട് മർദിക്കുകയായിരുന്നു.

സംഭവത്തിന്‌ പിന്നാലെ പ്രഭുവിനെതിരെയും മാതാവ് രംഗനായകിക്കെതിരെയും പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തത് രംഗനായകിയെ മാത്രം. പ്രഭു ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. അതിനിടെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മർദനമേറ്റ വെള്ളയ്യൻ രംഗത്തെത്തി.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെള്ളയ്യൻ മനോരമന്യൂസിനോട് പറഞ്ഞു. പ്രതിക്ക് മുൻ‌കൂർ ജാമ്യത്തിന് പൊലീസ് അവസരം കൊടുക്കുകയാണെന്ന് ജനകീയ സമിതിയും ആരോപിച്ചു. അതേസമയം, വെള്ളയ്യൻ പറയുന്നത് ശരിയല്ലെന്നും പ്രഭു ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസ് അറിയിച്ചത്.

അതിനിടെ രംഗനായകിക്ക് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുഖ്യപ്രതി പ്രഭു മണ്ണാർക്കാട് SCST പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.

ENGLISH SUMMARY:

Palakkad tribal assault case remains unsolved as the main accused is still at large. The police are allegedly attempting to settle the case, according to the victim.