പാലക്കാട് എലപ്പുള്ളിയിൽ യുവാവിനെ ബന്ധുക്കളുടെ മുന്നിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഒകരംപള്ളം സ്വദേശി വിപിനാണ് ക്രൂരമായി മർദ്ദനമേറ്റത്. സംഭവത്തിൽ ഒകരപ്പള്ളം സ്വദേശി ശ്രീകേഷ്, ആലാമരം സ്വദേശി ഗിരീഷ് എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 17 നായിരുന്നു ആക്രമണം. പ്രതികളിലൊരാളായ ശ്രീകേഷിന്റെ വീട്ടിൽ ഡിസംബർ ആദ്യത്തിൽ നടന്ന ആക്രമണത്തിൽ വിപിനു പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. ബൈക്കിൽ കൊണ്ടു വന്നു പോസ്റ്റിൽ കെട്ടി ചോദ്യം ചെയ്ത് മണിക്കൂറുകളോളം മർദിച്ചു. പരാതി കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിപിൻ
സാമ്പത്തിക തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. പരുക്കേറ്റ വിപിൻ പിന്നീട് ചികിത്സ തേടി. ആക്രമണ ശേഷം ഒളിവിൽ പോയ ശ്രീകേഷിനെയും ഗിരീഷിനെയും കസബ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെയാണ് മർദന ദൃശ്യങ്ങൾ പുറത്തു വന്നത്. നിരവധി കേസുകളിലെ പ്രതികളായ ഇരുവരും നിലവിൽ റിമാന്റിലാണ്. കേസിൽ കസബ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.