rahul-chellanam-2

കൊച്ചി ചെല്ലാനത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചിട്ടതില്‍ ബൈക്കിലെത്തിയ യുവാക്കള്‍ക്കെതി‌രെ വധശ്രമത്തിന് കേസെടുത്തേക്കും. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും മദ്യപിച്ചിരുന്നുവെന്ന് ആശുപത്രി രേഖകളിലും വ്യക്തമായതോടെയാണ് നീക്കം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിപിഒ ബിജുമോന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസിന്‍റെ നടപടി. 

അപകടം നടന്ന ഡിസംബര്‍ 26ന് തന്നെ കണ്ണമാലി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ബൈക്ക് യാത്രികരായ യുവാകള്‍ക്കെതിരെ കേസെടുത്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഇതിന് പുറമെ മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും അന്ന് ചുമത്തി. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ യുവാക്കള്‍ പരാതി നല്‍കിയത്. 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. പൊലീസുകാര്‍ക്കെതിരായ പരാതിയില്‍ കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. ബൈക്ക് യാത്രികരായ ആലപ്പുഴ സ്വദേശികളായ അനില്‍, രാഹുല്‍ എന്നിവരുടെ മൊഴിയടക്കം രേഖപ്പെടുത്തും. 

അതേസമയം, പൊലീസ് കരുതിക്കൂട്ടി കുടുക്കാന്‍ ശ്രമിക്കുന്നെന്ന്  ചെല്ലാനത്ത് അപകടത്തിൽപ്പെട്ട രാഹുൽ മനോരമ ന്യൂസിനോട്. പേടിച്ചിട്ടാണ് ആശുപത്രിയിൽ പേരുമാറ്റി  പറഞ്ഞത്. മദ്യപിച്ച് വാഹനമോടിച്ചെങ്കിൽ അപ്പോൾ എന്തുകൊണ്ട് കേസെടുത്തില്ലെന്നും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala Police may invoke attempt to murder charges against youths who rammed a police officer during a vehicle inspection in Chellanam, Kochi. CCTV visuals and hospital records have confirmed that the accused were under the influence of alcohol at the time of the incident. The injured officer, CPO Bijumon, is currently undergoing treatment, and further action will follow after recording his statement. Police had earlier registered a non-bailable case for causing grievous injury to a government servant on duty. Several provisions of the Motor Vehicles Act were also imposed on the accused bike riders. Meanwhile, a counter-complaint filed by the youths against the police is being investigated by senior Kochi City Police officials.