പാലക്കാട് അട്ടപ്പാടി അഗളിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച കൂരയിൽ ദുരിത ജീവിതം നയിച്ച് മൂന്ന് ആദിവാസി കുടുംബങ്ങൾ. അഗളി ഗ്രാമപഞ്ചായത്ത് 16 ആം വാർഡിൽ പെട്ട മാമണ എന്ന സ്ഥലത്താണ് ഈ ദുരിത കാഴ്ച. ആദിവാസികൾക്ക് വേണ്ടി കോടികൾ ഒഴുകുന്ന അട്ടപ്പാടിയിലാണ് തലക്ക് മുകളിൽ അപകടം കണ്ടുള്ള ആദിവാസികളുടെ ജീവിതം.
മാമണ സ്വദേശി വള്ളി ഭർത്താവ് ശിവൻ മക്കളായ സിജു,ശിവകുമാർ തുടങ്ങി 4 അംഗ കുടുംബം താമസിക്കുന്നത് ചോർന്നു ഒലിക്കുന്ന പാസ്റ്റിക് ഷീറ്റ് ഇട്ട ഈ കൂരയിലാണ്. ഒന്ന് കാറ്റടിച്ചാൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥ. കഴിഞ്ഞ മഴക്കാലത്ത് കൂരക്ക് മുകളിൽ കവുങ്ങ് ഒടിഞ്ഞു വീണതാണ്. അന്ന് ഭാഗ്യം കൊണ്ടാണ് ജീവൻ രക്ഷപെട്ടത്
തൊട്ടടുത്ത മുരുകൻ വൃന്ദ ദമ്പതികളുടെ വീട് പൂർണമായും നിലം പൊത്തിയതോടെ അവർ ഷോളയൂരിൽ ബന്ധുക്കാരുടെ വീട്ടിലേക്ക് താമസം മാറി. ഈ വീടിനോട് ചേര്‍ന്നുള്ള സെൽവി,വെള്ളിങ്കിരി ദമ്പതികളുടെ വീടിന്റെ അവസ്ഥയും ഇങ്ങനെ തന്നെ.
വീടുകൾക്കായി ഈ കുടുംബങ്ങൾ പലതവണ അപേക്ഷ നൽകിയതാണ്. ഒരു കാര്യവും ഉണ്ടായില്ലെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. സർക്കാർ ഓഫിസുകൾ കയറി ഇറങ്ങി മടുത്തുവെന്നും ഒരു സഹായവും കിട്ടുന്നില്ലെന്നും വേദനയോടെ ഇവർ പറയുന്നുണ്ട്