ഭൂമി സംബന്ധമായ രേഖകൾ അനുവദിക്കാത്തതിലെ ഉദ്യോഗസ്ഥ അവഗണനയിൽ മനംനൊന്ത് അട്ടപ്പാടിയിൽ ആദിവാസി യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അട്ടപ്പാടി സ്വദേശിനിയായ പ്രിയ (24) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിയുന്ന പ്രിയയുടെ നില അതീവ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്ന പ്രിയയുടെയും കുടുംബത്തിന്റെയും ദുരിതം രണ്ട് മാസം മുൻപ് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. പഠനത്തിന് ശേഷം കൂലിപ്പണിയെടുത്താണ് പ്രിയ കുടുംബം പോറ്റിയിരുന്നത്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും അതിന്റെ രേഖകൾ ഉദ്യോഗസ്ഥർ അനുവദിക്കാത്തതിനാൽ ലൈഫ് മിഷൻ വഴി വീട് നിർമ്മിക്കാനോ നിലവിലെ വീട് അറ്റകുറ്റപ്പണി നടത്താനോ പ്രിയയ്ക്ക് സാധിച്ചിരുന്നില്ല. വാർത്ത പുറത്തുവന്നപ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ ഇടപെട്ടെങ്കിലും പിന്നീട് തുടർനടപടികൾ നിലയ്ക്കുകയായിരുന്നു.
താൻ ഒരു ആദിവാസിയായതിനാൽ പലയിടങ്ങളിൽ നിന്നും കടുത്ത അവഗണന നേരിടുന്നുണ്ടെന്ന് പ്രിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ രേഖകൾ നൽകാതെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നതായി കുറിപ്പിൽ പറയുന്നു. തന്നെ ദ്രോഹിച്ച ചില വ്യക്തികളുടെ പേരുകൾ പ്രിയ കുറിപ്പിൽ എടുത്തുപറഞ്ഞിട്ടുണ്ട്. തന്റെ പ്രശ്നങ്ങളിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും നീതി ലഭ്യമാക്കണമെന്നും കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രിയയെ നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.