ഉരുൾപൊട്ടൽ പതിവ്; കൂവയ്ക്ക മലയിൽ പാറമടയ്ക്കെതിരെ പ്രതിഷേധം ശക്തം

കരൂർ പഞ്ചായത്തിലെ വലവൂർ കൂവയ്ക്ക മലയിൽ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. പാറമട ആരംഭിക്കുന്നതിനെതിരെ പഞ്ചായത്ത് നൽകിയ സ്റ്റേ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനിടയാണ് കഴിഞ്ഞദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മഴക്കാലത്ത് ഉരുൾപൊട്ടൽ പതിവായ പ്രദേശത്ത് പാറമട അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. 

കുന്നിൻ മുകളിൽ നൂറുകണക്കിന് ഭക്തരെത്തുന്ന ശാസ്താക്ഷേത്രം. പലയിടങ്ങളിലായി ഒരിക്കലും വറ്റാത്ത കുളങ്ങളും ഉറവച്ചാലുകളും . കരൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇതെല്ലാം അടങ്ങിയ കൂവക്കൽ മലയിലാണ് പാറമടയ്ക്കുള്ള നീക്കം നടക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി പാറമടക്ക് അനുമതി നൽകിയത് കഴിഞ്ഞവർഷം വലിയ വിവാദമായിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. കോടതി അന്തിമ തീരുമാനം എടുക്കും മുൻപേ ആണ് കഴിഞ്ഞദിവസം പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

വലിയൊരു പ്രദേശം ലീസിന് എടുത്താണ് കൊല്ലം സ്വദേശി പാറമട തുടങ്ങാൻ ലക്ഷ്യമിടുന്നത്. 1500ളം വിദ്യാർഥികളും അധ്യാപകരും ഉള്ള ട്രിപിൾ ഐടി ഇവിടെ നിന്നും 200 മീറ്റർ മാത്രം മാറിയാണ്.ഒരിക്കലും വറ്റാത്ത നീരുറവകൾ പാറമട ആരംഭിക്കുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. അനധികൃത മണ്ണെടുപ്പ് ചൂണ്ടിക്കാട്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്