കേളത്ത് ഇനി പെരുക്കങ്ങളുടെ ഓര്‍മ; വിടവാങ്ങിയത് മേളകലയിലെ മഹാപ്രതിഭ

മേളത്തിനായി ജനിച്ച്, മേളക്കാരനായി ജീവിച്ച അതുല്യപ്രതിഭയായിരുന്നു കേളത്തു അരവിന്ദാക്ഷൻ മാരാർ. 75 വർഷക്കാലത്തെ മേള പെരുക്കങ്ങൾ കാലത്തിനു സമ്മാനിച്ചാണ് ജീവിതത്തിന്റെ കോലു താഴ്ത്തി ആ മഹാനുഭവൻ അരങ്ങൊഴിയുന്നത്..

കവിതയ്ക്ക് കുഞ്ഞിരാമൻ നായരെന്നപോലെ,കഥകളിക്ക് വാസുപിഷാരടിയെന്ന പോലെ, ക്രിക്കറ്റിൽ സച്ചിനെന്ന പോലെയാണ് കൊട്ടിൽ കേളത്തു അരവിന്ദാക്ഷൻ മാരാർ.കൊട്ടാനായി മാത്രം ജനിച്ച കേളത്ത്. കൊട്ടിൽ മാത്രം അലിഞ്ഞ് മട്ടിലോട്ടും ചേരാത്ത സാത്വികൻ. നാല് പതിറ്റാണ്ട് തൃശൂർ പൂരത്തിന് കൊട്ടിക്കേറിയ ചെണ്ടപ്പെരുക്കം. പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേളപ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത്  തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 13 വർഷക്കാലം കൊട്ടിയശേഷം പൂരത്തിലെ കൊട്ടുനിറുത്തി. പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുവമ്പാടിയുടെ പ്രമാണിയായപ്പോൾ ഒമ്പത് വർഷക്കാലം വീണ്ടും കൊട്ടിത്തിമർത്തു. ശേഷം പെരുവനം കുട്ടൻ മാരാർ പാറമേക്കാവിൽ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ തിരിച്ചെത്തി. ആദ്യം പതിമൂന്ന് വർഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് കൊല്ലം തിരുവമ്പാടിയിലും തിരിച്ച് വീണ്ടും പാറമേക്കാവിലും തുടർച്ചയായി 23 വർഷം കൊട്ടിക്കയറിയ പ്രതിഭയാണ് കേളത്ത്.  ഇലഞ്ഞിത്തറയിൽ പെരുവനത്തിന്റെ വലത്ത്.. പ്രമാണികത്വത്തിന്റെ ആലഭാരങ്ങൾ ഒരിക്കലും ചൂടാൻ ആശിക്കാത്ത മേളക്കാരൻ.. എന്തെ പ്രമാണിക്കാത്തത് എന്ന് ചോദിച്ചാൽ പല്ലില്ലാ വിടവിലൂടെ നിറഞ്ഞു ചിരിച്ചു തലതാഴ്ത്തി പറയും കൊട്ടുകയെ വേണ്ടു.. 

 ഒറ്റ നോക്കിൽ കലാശിക്കാൻ കൊടുത്താൽ കൊട്ടിക്കേറ്റി ആസ്വാദകരെ ആനന്ദത്തിലാറടിക്കും.. പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാരിൽ നിന്ന് അഭ്യസിച്ച ശേഷം  പന്ത്രണ്ടാം വയസിൽ എടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചത് തൊട്ടിങ്ങോട്ട് 2021ലെ ഇലഞ്ഞിത്തറ മേളത്തിലെ വലം പറ്റ് വരെയും കൊട്ടിയ ഓരോ മേളങ്ങളും മേളപ്രേമികൾക്ക് ഓരോ അനുഭൂതി ആയിരുന്നു.കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ തുടങ്ങി മേളകുലപതി ചൂടിയ പുരസ്‌കാരങ്ങൾ നിരവധി. വിഷ്ണുപാദം പൂകിയെന്ന് ഉൾകൊള്ളാനാവുന്നില്ല,ചെണ്ടപ്പുറത്തു കോലു വീഴുന്നിടത്തൊക്കെ തൃപുടപ്പെരുക്കമായി അലയടിക്കട്ടെ അങ്ങയുടെ വാദ്യവിസ്മയം പരമാത്മൻ..

kelath aravindakshan profile

Enter AMP Embedded Script