തൃക്കാക്കര നഗരസഭാ ചെയർപേഴ്സണെതിരെ പരാതിയുമായി നഗരസഭാ സെക്രട്ടറി

‍‍തൃക്കാക്കര നഗരസഭയിൽ അസാധാരണ പരാതി. നഗരസഭയിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ നഗരസഭാ സെക്രട്ടറി ബി.അനിലാണ് പൊലീസിനും തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കും അടക്കം പരാതി നൽകിയത്.  ആരോപണം അജിത തങ്കപ്പൻ നിഷേധിച്ചു

ഭരണനിർവഹണത്തെചൊല്ലി നേരത്തെ മുതൽ ചെയർപെഴ്സണും സെക്രട്ടറിയുമായി നിലനിന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ആരോപണങ്ങളും പരാതിയും. നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ ഫയലിൽ നോട്ട് എഴുതിയ തന്നെ  ചെയർപേഴ്സൺ  ക്യാബിനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് സെക്രട്ടറിയുടെ പരാതി.

കൗൺസിലർമാരിൽ ചിലരും നിരന്തരം ഭീഷണിപ്പെടുത്തുന്നു. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും സെക്രട്ടറി ആവശ്യപ്പെടുന്നു. അനിലിന്റെ ആരോപണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ തള്ളി. എന്നാൽ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സെക്രട്ടറി ഫയലുകള്‍ ഒപ്പിടുന്നില്ലെന്നും ഇക്കാരണത്താൽ നഗരസഭയില്‍ പ്ലാന്‍ ഫണ്ട് പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ  തിങ്കളാഴ്ച പൊലീസ് സെക്രട്ടറിയുടെ മൊഴി രേഖപെടുത്തും. ഇതിനുശേഷമെ കേസ് റജിസ്റ്റർ ചെയ്യുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.