സ്വാതന്ത്രദിനത്തില്‍ ജനിച്ച പതിനഞ്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദരം

എഴുപത്തിയഞ്ചു വര്‍ഷം മുമ്പ് സ്വാതന്ത്രദിനത്തില്‍ ജനിച്ച പതിനഞ്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തൃശൂരില്‍ ആദരം. ആസാദി കാ അമൃത് പുരസ്കാരം നല്‍കിയായിരുന്നു ആദരമൊരുക്കിയത്. 

1947 ഓഗസ്റ്റ് 15ന് ജനിച്ച പതിനഞ്ചു തൃശൂരുകാരെയാണ് ആദരിച്ചത്. സാഹിത്യ അക്കാദമി ഹാളായിരുന്നു വേദി. വലപ്പാട്ടെ സി.പി. ട്രസ്റ്റായിരുന്നു വേറിട്ട ആദരം ഒരുക്കിയത്. എഴുപത്തിയഞ്ചു വയസ് പിന്നിട്ട ഈ പതിനഞ്ചു പേര്‍ക്കും ഫലകം നല്‍കി. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്രദിനം ആഘോഷിച്ചതിനു പിന്നാലെയാണ് ആദരമൊരുക്കാന്‍ തീരുമാനിച്ചത്. ടി.എന്‍.പ്രതാപന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യ സ്വാതന്ത്രം നേടിയ ദിവസംതന്നെ ജനിച്ച പതിനഞ്ചു പേരെ ഏറെ പരിശ്രമിച്ചാണ് കണ്ടെത്തിയതെന്ന് സി.പി. ട്രസ്റ്റ്  ഭാരവാഹികള്‍ പറഞ്ഞു. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.ഡോ.പി. മുഹമ്മദാലി മുഖ്യാതിഥിയായിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ അധ്യക്ഷന്‍മാരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.