കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാകാതെ അഞ്ചുമനപാലം പണി; ദുരിതം

വൈക്കം വെച്ചൂർ റോഡിലെ അഞ്ചുമനപാലം പണി പൂർത്തിയാക്കാത്തതിൽ ജനം ദുരിതത്തിൽ. കിഫ്ബി മൂന്ന് കോടി 31 ലക്ഷം രൂപ മുടക്കി പണിയുന്ന പാലമാണ് നിർമ്മാണ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തത്. തോട് അടച്ചുള്ള നിർമ്മാണമായതിനാൽ  വെള്ളക്കെട്ടും രൂക്ഷമാണ്. ആകെ മൂന്ന് തൊഴിലാളികൾ മാത്രം ചേർന്ന് പണിയുന്ന പാലമാണിതെന്നാണ് നാട്ടുകാരുടെ പരിഹാസം. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ പണിയെടുക്കുന്നത്.

തോട്ടിൽ നിന്ന് വേണ്ടത്ര ഉയരമില്ലാതെയാണ് നിർമ്മാണമെന്ന ആക്ഷേപത്തിനിടെയാണ് ഈ കാലതാമസം. കഴിഞ്ഞ ഒക്ടോബറിൽ നിർമാണ കാലാവധി കഴിഞ്ഞെങ്കിലും കരാറുക്കാർക്ക് മറുപടിയില്ല. ചോദിക്കേണ്ട ജനപ്രതിനിധികൾക്കും മിണ്ടാട്ടമില്ല. തോട്ടിലേക്കുള്ള ഓടകൾ മൂടിയതോടെ ഔട്ട് പോസ്റ്റ് ജംഗ്ഷനിലും ദേവി വിലാസം സ്കൂളിന് മുന്നിലും മഴ പെയ്താൽ വെള്ളക്കെട്ടാണ് .സ്കൂൾ തുറന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികളും ദിവസേന ഈ ദുരിതപാത കടക്കണം. തോട്ടിലെ നീരൊഴുക്ക് തടഞ്ഞിരിക്കുന്നത് കാർഷിക മേഖലയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം ഭാഗത്ത് നിന്ന് വിനോദ സഞ്ചാരികൾക്കടക്കം കുമരകത്തേക്ക് എത്തേണ്ട വഴിയിലാണ് ഇഴയുന്ന നിർമാണം.എത്രയും വേഗം പാലം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.