മണ്ണാർക്കാട് കുന്നിടിക്കലും വയൽ നികത്തലും വ്യാപകം; പരാതി

പാലക്കാട് മണ്ണാർക്കാട് മേഖലയില്‍ കുന്നിടിക്കലും വയൽ നികത്തലും വ്യാപകം. കെട്ടിട നിര്‍മാണ അനുമതിയുടെ മറവിലാണ് കുന്നുകൾ ഇടിച്ചു നിരത്തുന്നത്. മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് നല്‍കുന്ന പാസാണ് പലരും മണ്ണ് കടത്തുന്നതിന് ഉപയോഗിക്കുന്നതെന്നാണ് പരാതി.   തെങ്കര, തച്ചമ്പാറ, നൊട്ടൻമല , ആര്യമ്പാവ്, കുമരംപുത്തൂർ, മണ്ണാർക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വൻതോതിലാണ് കുന്ന് ഇടിച്ചു നിരത്തുന്നത്. അനുമതി നൽകേണ്ട ഉദ്യോഗസ്ഥരും മണ്ണെടുക്കുന്നവരും തമ്മിലുള്ള സമവായമാണ് ഒരോ കുന്നിന്റെയും വിധി നിർണയിക്കുന്നത്. സംശയം ഉന്നയിക്കുന്നവരോട് ജിയോളജി വകുപ്പിന്റെ പാസുണ്ടെന്നാണ് മറുപടി. ഇടിച്ചു നിരത്തേണ്ട കുന്നിൽ കെട്ടിടം കെട്ടാൻ മണ്ണ് നീക്കാനുള്ള അനുമതിയാണ് രേഖാമൂലം നൽകുന്നത് . ഈ അനുമതിയുടെ മറവിലാണ് ലോഡ് കണക്കിന് മണ്ണ് വിവിധയിടങ്ങളിലേക്ക് കടത്തുന്നത്. വീട് നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിന് പോലും അനുമതി കിട്ടാന്‍ മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ കടത്തിനാണെന്ന് ഉറപ്പിക്കുന്നവര്‍ക്ക് വേഗത്തില്‍ കാര്യങ്ങള്‍ ലളിതമാക്കി നല്‍കാറുണ്ടെന്നാണ് ആക്ഷേപം.   നിശ്ചിത ദിവസത്തിനുള്ളിൽ നൂറ് ലോഡെടുക്കാന്‍ നൽകുന്ന അനുമതിയുടെ മറവില്‍ അറുന്നൂറ് മുതല്‍ ആയിരം ലോഡ് വരെ കടുത്തുന്നുണ്ട്. പിടികൂടിയാല്‍ നൂറ് ലോഡ് തികഞ്ഞിട്ടില്ലെന്ന ന്യായം പറഞ്ഞ് കടത്തുകാര്‍ രക്ഷപ്പെടും. കോവിഡ് വ്യാപന തോത് കൂടിയതോടെ റവന്യൂ ഉദ്യോഗസ്ഥരും പരിശോധന കുറച്ചിട്ടുണ്ട്.