കായംകുളം താലൂക്കാശുപത്രി നവീകരണം; പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നു

കായംകുളം താലൂക്കാശുപത്രി നവീകരണത്തിന്‍റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ തുടങ്ങി. പഴയ 14 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്.ആദ്യഘട്ടത്തില്‍ അഞ്ച് എണ്ണവും  രണ്ടാം ഘട്ടത്തില്‍ ഏഴ് കെട്ടിടങ്ങളും പൊളിച്ചുമാറ്റും.‌‌

കായംകുളം താലൂക്കാശുപത്രിക്കായി 1,40,000 ചതുരശ്രഅടിയില്‍ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. പഴയ കെട്ടിടങ്ങളില്‍  12 എണ്ണം പൊളിച്ചു മാറ്റാനാണ് അനുമതി . പേവാര്‍ഡുകള്‍ നില്‍ക്കുന്ന രണ്ട് കെട്ടിടങ്ങള്‍ പൊളിക്കാന്‍ അനുവാദം കിട്ടിയിട്ടില്ല. ആദ്യഘട്ടത്തില്‍ അഞ്ചും   രണ്ടാം ഘട്ടത്തില്‍ ഏഴ് കെട്ടിടങ്ങളും പൊളിച്ചുമാറ്റും. എക്സ്റെ കെട്ടിടം, പഴയ പ്രസവ വാര്‍ഡ്, അഭയകേന്ദ്രം കെട്ടിടം, ജലസംഭരണി കെട്ടിടം, പവര്‍ഹൗസ് കെട്ടിടം എന്നിവയാണ് ആദ്യഘട്ടത്തില്‍ പൊളിച്ചു നീക്കുന്നത്

പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ താത്കാലികമായി പുതിയ ഒ.പി. ബ്ലോക്കിന്റെ മുകളിലേക്ക് മാറ്റും. സംവിധാനങ്ങള്‍ ഒരുക്കുന്നതിന് 25 ലക്ഷം രൂപ കിഫ്ബിയില്‍ നിന്ന് നീക്കി വച്ചിട്ടുണ്ട്.   ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബിയില്‍ നിന്നും 45.70 കോടിരൂപയാണ്  അനുവദിച്ചത്. സംസ്ഥാന ഭവനബോര്‍ഡ് കോര്‍പ്പറേഷനാണ് നിര്‍വ്വഹണ ഏജന്‍സി.150 കിടക്കകളോടുകൂടിയ ഐ.പി , 16 പേവാര്‍ഡുകള്‍, മേജര്‍ ഒ.പി.വിഭാഗം, ലബോറട്ടറി സംവിധാനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍ തുടങ്ങിയവയടക്കം വിപുലമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കുക.