ശബരിമല സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങി

ശബരിമല സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങി.  കോവിഡ് പ്രതിരോധം, ട്രോമാകെയര്‍, ജനറല്‍ സര്‍വീസ് തുടങ്ങിയ കാര്യങ്ങൾ പ്രധാനമായി പരിഗണിച്ചാണ് പ്രവർത്തനം.  ഇന്ന് 12 വിളക്കായതിനാൽ അടുത്ത ദിവസം  മുതൽ സന്നിധാനത്ത് തിരക്ക് കൂടിയേക്കും. 

ജനറല്‍ ഒപി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവന്റീവ് ഇസിജി ലാബ്, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ആന്റിജന്‍ ടെസ്റ്റ് എന്നീ സൗകര്യങ്ങൾ സഹാസിലുണ്ട്.  ഡോക്ടർമാരുൾപ്പടെ 14 ജീവനക്കാരുണ്ട്.  

പമ്പയില്‍ സൗജന്യ വെന്റിലേറ്റര്‍ ഉള്‍പ്പടെ ഒരു ഐസിയു ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്.  സന്നിധാനത്തെ  എല്ലാ ഉദ്യോഗസ്ഥർക്കും ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ് നല്‍കാനും പദ്ധതിയുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാല്‍ ദ്രുതഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 ൽ പ്രവര്‍ത്തനം തുടങ്ങിയതാണ്  സഹാസ് ആശുപത്രി.