കോൺഗ്രസ്- കേരള കോൺഗ്രസ് സൈബർ പോര് രൂക്ഷം; പക്ഷം പിടിച്ച് പാലാ പൊലീസ്

കോൺഗ്രസ് - കേരള കോൺഗ്രസ് സൈബർ പോരാട്ടത്തിൽ ഏകപക്ഷീയ നടപടിയുമായി പാലാ പൊലീസ്. കേരള കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെ റിമാൻഡ് ചെയ്ത പൊലീസ്, കോൺഗ്രസ്‌ നേതാവിന്റെ ഭാര്യയെയും കുട്ടികളെയും അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി വൈകിപ്പിക്കുന്നു. സെപ്റ്റംബറിൽ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കേസെടുത്ത പൊലീസ് ചുമത്തിയത്  നിസാര വകുപ്പുകൾ മാത്രം. 

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച  അധിക്ഷേപ പോസ്റ്റുകളാണ് കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ വീണ്ടും ആയുധമാക്കുന്നത്. ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ  അധിക്ഷേപ പോസ്റ്റുകളിൽ പാർട്ടി നേതൃത്വം തന്നെ  പരാതി നൽകി. മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ കെ.എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ്‌ സക്കറിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനെ തുടർന്ന് ഒമ്പത് ദിവസമാണ് സഞ്ജയ് റിമാൻഡിൽ കഴിഞ്ഞത്. ഇതേ കാലത്ത്  സഞ്ജയ്​യും ഭാര്യയും കുടുംബവും സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും ചിത്രങ്ങൾ അശ്ശീല കമന്റുകൾക്കൊപ്പം വ്യാപകമായി പ്രചരിപ്പിച്ചു. തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിപ്പിച്ചത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നാണ് ആരോപണം.

കേരള കോൺഗ്രസ് നേതാക്കൾ നിരപരാധികളാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വാദം. കോൺഗ്രസിന്റേത് പകപോക്കൽ രാഷ്ട്രീയമാണെന്നും ആരോപണം. പാലാ പോലീസിന്റെ ഇരട്ടത്താപ്പിനെതിരെ കോൺഗ്രസ്സും പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പാലാ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്  നിയമനടപടിക്കും ഒരുങ്ങുകയാണ്.