സിപിഎമ്മുമായി ഭിന്നതയില്ല; പാലായിലടക്കം ധാരണ പാലിക്കും: കേരള കോൺ.(എം)

തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മുമായിട്ടുള്ള ധാരണയില്‍ ഭിന്നതയില്ലെന്ന് കേരളകോണ്‍ഗ്രസ് എം. പാലായില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.അതേസമയം സിപിഎം ആദ്യഘട്ടം മുതല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കൗണ്‍സിലറെ കേരള കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

 പാലാ നഗരസഭയിലെ ചെയര്‍മാന്‍സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് സിപിഎമ്മുമായുണ്ടാക്കിയ കരാര്‍ കേരളകോണ്‍ഗ്രസ് ലംഘിച്ചു എന്നതായിരുന്നു സിപിഎമ്മിന്റെ ഇന്നലെവരെയുള്ള ആരോപണം. എന്നാല്‍ കരാര്‍ ലംഘിക്കില്ലെന്ന ഉറപ്പ് പാര്‍ട്ടി ചെയര്‍മാന്‍ തന്നെ നല്‍കി കഴിഞ്ഞു

 2020 ഡിസംബറില്‍ ഒപ്പിട്ട കരാറില്‍ ചെയര്‍മാന്‍സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് മാത്രമാണ് ധാരണ.ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ ആദ്യ ഘട്ടം മുതല്‍ ഉയര്‍ന്നുകേട്ട ബിനു പുളിക്കക്കണ്ടത്തെ  ഒഴിവാക്കാനാണ് സാധ്യത.സിപിഎമ്മുമായി സഹകരിച്ച് ജോസ് കെ.മാണി പാലായില്‍ മത്സരിക്കുന്നതിനിടെ നഗരസഭയില്‍ കയ്യാങ്കളിയുണ്ടാവുകയും കേരള കോണ്‍ഗ്രസ് കൗണ്‍സിലറെ കസേരയെടുത്ത് അടിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടയാളുമായിരുന്നു ബിനു.പകരം മറ്റേതെങ്കിലും സിപിഎം കൗണ്‍സിലര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതോടെ കരാര്‍ ലംഘനവും ഉണ്ടാവില്ലെന്നാണ് കേരളാകോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.പാര്‍ട്ടി ചെയര്‍മാന്റെ സ്വന്തം നാട്ടില്‍ത്തന്നെയുണ്ടായ പടലപ്പിണക്കം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആയുധമാക്കിയിട്ടുണ്ട് സംസ്ഥാനാ സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശം എന്താണെങ്കിലും അത് അംഗീകരിക്കാനാണ് ജില്ലാ നേതൃത്വം കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.