നാടകങ്ങൾക്കൊടുവിൽ 'പാലായിൽ' പ്രഖ്യാപനം; ജോസ് ടോം പുലികുന്നേൽ സ്ഥാനാർഥി

ഏറെ നാടകീയതകൾക്കൊടുവിൽ ആണ് ജോസ് ടോം പുലികുന്നേലിനെ പാലായിലെ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ജോസ് കെ.മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപുള്ള ഓരോ ദിവസവും. ഒടുവിൽ യു.ഡി.എഫ്. നേതൃത്വത്തിന്റെ ഇടപെടലിലാണ് മാണി കുടുംബത്തിന് പുറത്തുനിന്നൊരാളെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചത്

പാലാ ഉപതിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിനു പിന്നാലെ തുടങ്ങിയതാണ് യു.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കംവും ആശയകുഴപ്പവും. കേരള കോൺഗ്രസിലെ ഭിന്നിപ്പ് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സ്ഥാനാർഥിയെ താൻ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫ് ആദ്യം പറഞ്ഞു. പി.ജെയുടെ വാക്കുകൾ വകവയ്ക്കാതെ ജോസ് കെ.മാണി വിഭാഗം തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ 7 അംഗ  സമിതിയെ സ്ഥാനാർഥി നിർണയതിനായി നിയോഗിച്ചു. മാണിയുടെ പിൻഗാമിയായി മാണി കുടംബത്തിൽ നിന്ന് നിഷ ജോസ് കെ.മാണി മത്സരിക്കും എന്ന് അന്ന് മുതൽ ഉയർന്നു കേട്ടു. നിഷയെ അംഗീകരിക്കില്ല എന്ന് പി.ജെ.ജോസഫ് വിഭാഗം പല കുറി വ്യക്തമാക്കി. 

ഇടയ്ക്കു ജോസ് കെ.മാണി തന്നെ മത്സരിക്കും എന്നും അഭ്യൂഹങ്ങൾ പറന്നു. ഒടുവിൽ യു.ഡി.എഫ് നേതൃത്വം ഒന്നാകെ കോട്ടയത്തെത്തി.  സ്ഥാനാർഥിയെ  പ്രഖ്യാപിക്കാൻ  യോഗം ചേർന്നു. അപ്പോഴും നിഷ ജോസ് കെ മാണി വരുമോ ഇല്ലയോ എന്നതിൽ ആയിരുന്നു ആകാംഷ.  ആകാംഷയ്ക്ക് വിരാമം ഇട്ടുകൊണ്ട് ചാഴികാടൻ സമിതി പ്രഖ്യാപിച്ചു.  നിഷ ജോസ് കെ മാണി മത്സരിക്കില്ല. സ്ഥാനാർഥി മാണി കുടുംബത്തിന്റെ പുറത്ത് നിന്ന് വരും. അങ്ങനെ യു.ഡി.എഫ് നേതൃത്വത്തിന്റെ അന്തിമ പ്രഖ്യാപനം. ജോസ് ടോം പത്രിക സമർപ്പിക്കുന്നത്തോടെ കെ.എം മാണി ഇല്ലാത്ത പാല തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും