ജോസ് ടോമിന് രണ്ടില കിട്ടുമോ? ആശങ്ക നീളുന്നു; ചർച്ചചൂട്

പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാവുമോ എന്നതില്‍ അനിശ്ചിതത്വം. പി.ജെ.ജോസഫും ജോസ് കെ.മാണിയും ഇക്കാര്യത്തില്‍ യോജിപ്പിലെത്തിയില്ലെങ്കില്‍, തീരുമാനം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളേണ്ടിവരും. ഇക്കാര്യങ്ങള്‍ ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ചചെയ്യും.  

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് , വര്‍ക്കിംങ് ചെയര്‍മാനായ പി.ജെ.ജോസഫാണ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് അധ്യക്ഷ സ്ഥാഥാനത്തേക്കെത്തുകയെന്നും രണ്ടില ചിഹ്നത്തിന് അര്‍ഹത ഉണ്ടെന്നും കാണിച്ച് ജോസഫ് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പാര്‍ട്ടിനേതൃയോഗം ജോസ്കെ മാണിയെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തുവെന്നാണ് മറുപക്ഷം നല്‍കിയ കത്ത് പറയുന്നത്. ഈസാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാലയില്‍ മത്സരിക്കുന്ന ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചാല്‍ ചിഹനം കേന്ദ്രകമ്മിഷന് മരവിപ്പിക്കാം. 

കേരളാ കോണ്‍ഗ്രസിന്‍റെ കുതിര ചിഹ്നം മുന്‍പ് ഇത്തരത്തില്‍ മരവിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് രണ്ടില ചിഹ്നം ഉപയോഗിക്കുന്നതില്‍ നിയമവശങ്ങള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്. രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതിക തടസം ഉണ്ടെന്ന് പി.ജെ.ജോസഫും അഭിപ്രായപ്പെട്ടു. 

ഇതിന്‍റെ സാങ്കേതിക , നിയമ വശങ്ങള്‍ ഡല്‍ഹിയിലുള്ള മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ചചെയ്യും. ഇരുവിഭാഗവും രണ്ടിലക്കായി അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ തല്‍സ്ഥിതി തുടരും, ഉന്നയിച്ചാല്‍ ചിഹ്നം മരവിപ്പിക്കപ്പെടാം. രണ്ടില വേണ്ടെന്ന് വെച്ചാല്‍ ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായാവും മത്സരരംഗത്തുണ്ടാവുക.