ചെളിയടിഞ്ഞ് നീരൊഴുക്ക് നിലച്ച് റാണി തോട്; മലിനജലം കെട്ടിക്കിടക്കുന്നു; ദുരിതം

ആലപ്പുഴ നഗരത്തിലെ ലജനത്ത് വാര്‍ഡിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ ദുരിതം അധികാരികള്‍ സൃഷ്ടിച്ചതാണ്. ജല അതോറിറ്റിയുടെ വാട്ടര്‍ടാങ്കും ഓഫീസ് സമുച്ചയവും നിര്‍മിക്കുന്നതിന് പൈലിങ്ങ് നടത്തിയപ്പോള്‍ ചെളിയടിഞ്ഞ് റാണി തോടിന്‍റെ നീരൊഴുക്ക് തടസപ്പെട്ടു. മലിനജലം കെട്ടിനിന്ന് പ്രദേശവാസികളുടെ ജീവിതം ദുസഹമായി.

ഒന്നരവര്‍ഷം മുന്‍പാണ് ആലപ്പുഴ ലജനത്ത് വാര്‍ഡ് നിവാസികളുടെ ദുരിതം തുടങ്ങുന്നത്. ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്കും ഓഫീസ് സമുച്ചയവും നിര്‍മിക്കുന്നതിന് പൈലിങ് നടത്തിയപ്പോള്‍ ഉണ്ടായ ചെളിയടിഞ്ഞ് ഇതുവഴി ഒഴുകിയിരുന്ന റാണി  തോട് അടഞ്ഞു. നീരോഴുക്ക് തടസപ്പെട്ടതോടെ മിലനജലം പ്രദേശത്ത് വ്യാപിച്ചു നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന വഴിയിലും വെള്ളംകയറി. നിരവധിതവണ  പരാതി നല്‍കിയിട്ടും പരിഹാരം മാത്രമുണ്ടായിട്ടില്ല.

ആലിശേരിയില്‍ നിന്ന് തുടങ്ങി ലജനത്ത് വാര്‍ഡിലൂടെ ഒഴുകി കനാലില്‍ ചെന്നു ചേരുന്ന  അറുന്നൂറ് മീറ്ററോളം ഭാഗമാണ്  അ‍ടഞ്ഞത്. മലിനജലം കെട്ടിക്കിടന്ന് പരിസരവാസികള്‍ പലരും രോഗികളായി. വെള്ളത്തില്‍ ആളുകള്‍ തെന്നിവീഴുന്നതും പതിവായി.

മലിനജലം കെട്ടിക്കിടക്കുന്നതുമൂലം ഇവിടനിന്ന്  താമസം മാറിയവരുണ്ട്. തോട്ടിലെ മാലിന്യവും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കുകയും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും വേണമമെന്നാണ് നാട്ടുകാരുടെ ആവശ്യം.