വാര്‍ത്ത തുണച്ചു; ഇടപെട്ട് നഗരസഭ;കരിയര്‍ സെന്‍ററിന് സ്ഥലം വിട്ടുനല്‍കും

തദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലം നൽകാത്തതിനാൽ നാലു വർഷമായി തുടങ്ങാൻ കഴിയാത്ത വൈക്കത്തെ കരിയർ ഡവലപ്പ്മെന്‍റ് സെന്‍ററിന് സ്ഥലം വിട്ടുനൽകാൻ നഗരസഭ തീരുമാനം. നഗരസഭയിലെ പുല്ലുകുളത്ത് പത്ത് സെന്‍റ് സ്ഥലം നൽകാനാണ് തീരുമാനം. ഇതു സംബന്ധിച്ച കത്ത് ഇന്ന് നഗരസഭ ടൗൺ എംപ്ലോയ്മെന്‍റ് ഓഫിസർക്ക് കൈമാറും.

2017ൽ അനുവദിച്ച  കരിയർ ഡവലപ്പ്മെന്‍റ് സെന്‍റര്‍ ഭരണാ കർത്താക്കളുടെ അനാസ്ഥാമൂലം നഷ്ടപ്പെടുന്ന സ്ഥിതി മനോരമ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയുടെ ഇടപെടല്‍. സ്ഥലം വിട്ടുനല്‍കുന്നത് ഇടത് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തെങ്കിലും തീരുമാനം നടപ്പിലാക്കാനാണ് ചെയര്‍പേഴ്സന്‍റെ തീരുമാനം. നഗരസഭയുടെ സ്ഥലം വിട്ടു നൽകുന്നതിനായി സർക്കാർ അനുമതിക്കായുള്ള അപേക്ഷ ഉടൻ നൽകും. ഈ സ്ഥലം പര്യാപ്തമല്ലെങ്കില്‍ കിഴക്കേനടയില്‍ മറ്റൊരു ഭൂമിയും കണ്ടുവെച്ചിട്ടുണ്ട്. 

സ്ഥലം പരിശോധിച്ച് അനുയോജ്യമായാൽ മാത്രമെ തുടർനടപടി ഉണ്ടാവുകയുള്ളു എന്ന് ടൗണ്‍ എംപ്ലോയ്മെന്‍റ് ഓഫിസര്‍ വ്യക്തമാക്കി. കരിയർ ഡവലപ്പ്മെന്‍റ് സെന്‍റര്‍ വൈക്കത്തു തന്നെ നിലനിര്‍ത്താന്‍ എംഎല്‍എ സി.കെ. ആശയുടെ ഇടപെടലും നഗരസഭ ആവശ്യപ്പെടും. 75ലക്ഷം രൂപയാണ് സെന്‍ററിനായി അനുവദിച്ചിട്ടുള്ളത്. വിശാലമായ ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും സെന്‍ററില്‍ സജ്ജമാക്കും.