നെടുങ്കണ്ടത്ത് കാലവർഷക്കെടുതിക്ക് പിന്നാലെ കാട്ടാനഭീതിയും; നടപടി വേണമെന്ന് ആവശ്യം

കാലവര്‍ഷക്കെടുതിക്ക് പിന്നാലെ കാട്ടാന ഭീതിയില്‍ ഇടുക്കി നെടുങ്കണ്ടം അണക്കരമെട്ടിലെ നാട്ടുകാര്‍. കാടിറങ്ങിയ ആനകള്‍ കൃഷി വ്യാപകമായി നശിപ്പിച്ചു. ബുധനാഴ്ച്ച മുതല്‍ അണക്കരമെട്ടിൽ നിലയുറപ്പിച്ച ആനകളെ തുരത്താന്‍ നടപടി വേണമെന്നാണ് ആവശ്യം.

കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ബുധനാഴ്ച്ച വിമലയ്ക്ക് ജീവന്‍ നഷ്ടമായത്. മഴക്കെടുതികള്‍ക്കിടയില്‍ കാടിറങ്ങിയ ആനകളെ പേടിച്ചാണ് നാട്ടുകാരുടെ ജീവിതം. രണ്ടേക്കർ സ്ഥലത്തെ ഏലം, വാഴ കൃഷികൾ പൂർണമായും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടം ജനവാസമേഖലയില്‍ നിന്ന് മാറിയെങ്കിലും തമിഴ്നാട് വന മേഖലയില്‍ തുടരുന്നത് ആശങ്കയാണ്.

സ്ഥലത്ത് വനംവകുപ്പ്, റവന്യൂ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രദേശത്ത് അടിയന്തരമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ഒന്നര മാസം മുൻപ് എത്തിയ കാട്ടാനക്കൂട്ടമാണ് അണക്കരമെട്ടിലും എത്തിയതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. അന്ന് 10 ഏക്കർ ഏലത്തോട്ടമാണ് നശിപ്പിച്ചത്. ഇവിടങ്ങളില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.