കൊച്ചി - മധുരൈ ദേശീയപാത നിർമാണം; പൊട്ടിച്ചു മാറ്റുന്ന പാറ കടത്താന്‍ ശ്രമം

കൊച്ചി - മധുരൈ ദേശീയപാതയിലെ ഗ്യാപ്പ് റോഡിലെ നിര്‍മാണ പ്രവർത്തനങ്ങള്‍ക്കായി പൊട്ടിച്ചു മാറ്റുന്ന പാറ കടത്താന്‍ ശ്രമം. ഗ്യാപ്പ് റോഡിൽ നിന്നും പൊട്ടിച്ച് മാറ്റിയ പാറയുമായെത്തിയ ലോറികൾ ഇടുക്കി നെടുങ്കണ്ടത്ത് റവന്യു അധികൃതർ പിടികൂടി. വിഡിയോ റിപ്പോർട്ട് കാണാം. 

റോഡ് നിര്‍മാണത്തിന്റെ മറവില്‍ പാറയും മെറ്റലും കടത്തുന്നതായുള്ള സംശയത്തെ തുടര്‍ന്നാണ് വാഹനം പിടികൂടിയത്. ഉടുമ്പൻചോല - ചെമ്മണ്ണാർ റോഡിന്റെ നിർമാണത്തിന് കരാറുകാരൻ എത്തിച്ച ലോഡുകളാണ് ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പിടിച്ചെടുത്ത ലോറികൾ ഉടുമ്പൻചോല പൊലീസിന് കൈമാറി. ഗ്യാപ്പ് റോഡിൽ നിന്നും പൊട്ടിച്ചെടുത്ത കല്ല് ദേശീയ പാത നിർമാണത്തിന് മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇത് വിൽപന നടത്തുവാനോ മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്ന നിർദേശം നിലനിൽക്കെയാണ് ലോക്ക് ഡൗണിന്റെ മറവിൽ മെറ്റല്‍ കടത്താൻ ശ്രമിച്ചത്.

ദേശീയ നിലവാരത്തിൽ ഒറ്റവരിപ്പാത ആറുവരിയാക്കുന്നതിന് 381 കോടി രൂപയാണു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനായിരുന്നു നീക്കമെങ്കിലും ഇപ്പോഴും പണികള്‍ എങ്ങുമെത്തിയില്ല. പാറ കടത്തില്‍ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് തഹസിൽദാർ അറിയിച്ചു.