ആലപ്പുഴ –ചങ്ങനാശേരി റോഡില്‍ വെള്ളക്കെട്ട് തുടരുന്നു

ആലപ്പുഴ –ചങ്ങനാശേരി റോഡില്‍ വെള്ളക്കെട്ട് തുടരുന്നു. ചെറിയ വാഹനങ്ങളിലുള്ള യാത്ര ഏറെ ദുഷ്കരമാണ്. മഴയ്ക്ക് പുറമെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതും വേലിയേറ്റവുമാണ് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.  

ആലപ്പുഴ മുതല്‍ ചങ്ങനാശേരി വരെയുള്ള ഇരുപത്തിനാലര കിലോമീറ്ററിനിടയില്‍ അഞ്ചിടത്താണ് വെള്ളക്കെട്ട് ഗതാഗതം പ്രതിസന്ധിയിലാക്കുന്നത്. പൂപ്പള്ളി, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, കിടങ്ങറ ഭാഗങ്ങളിലൂടെ മുഴുവന്‍ ദൂരവും സഞ്ചരിക്കുക ചെറിയ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും എളുപ്പമല്ല. തണ്ണീര്‍മുക്കം ബണ്ട് വഴിയും തിരുവല്ല–അമ്പലപ്പുഴ റോഡിലൂടെയും അധികദൂരം സഞ്ചരിക്കണം ആലപ്പുഴയിലോ ചങ്ങനാശേരിയിലോ എത്താന്‍ 

എ.സി.റോഡ് നവീകരണത്തിനായി 672 കോടിയുടെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ മറികടക്കാന്‍ മേല്‍പാലങ്ങള്‍ ഉള്‍പ്പടെ വരുന്നതിനൊപ്പം നിലവിലെ പാലങ്ങളും പുതുക്കിപ്പണിയും. റോഡ് രണ്ടരയടി ഉയരത്തില്‍ പൂര്‍ണമായും പുതുക്കിപ്പണിയുന്നതാണ് മേല്‍പ്പാലങ്ങളേക്കാള്‍ പ്രയോജനം എന്ന അഭിപ്രായവും നാട്ടുകാര്‍ക്കുണ്ട്.