ഉടുമ്പൻചോലയിൽ വീണ്ടും കാട്ടാനശല്യം; വ്യാപക കൃഷി നാശം

ഇടുക്കി ഉടുമ്പൻചോല ശാന്ത അരുവിയില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷി നാശം. പത്തേക്കറോളം കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ശാന്തരുവിയിലെത്തിയ കാട്ടാനകളാണ് വീണ്ടും ജനവാസമേഖലയിലിറങ്ങിയത്.  വിഡിയോ സ്റ്റോറി കാണാം. 

നാല് ദിവസം മുമ്പ് ശാന്തരുവിലെത്തിയ കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയിൽ നിന്നും കാടുകയറാന്‍ കൂട്ടാക്കാതെ നാശം വിതയ്ക്കുന്നത്. രാത്രിയോടെ തേവാരംമേട് മലയിറങ്ങിവന്ന ആനകൾ പൂതാളപ്പാറയിലെ കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുകയായിരുന്നു. പതിനൊന്ന് കർഷകരുടെ വിളകളാണ് ചവിട്ടി മെതിച്ചത്. പൂതാളപ്പാറ സ്വദേശികളായ പെരുമാൾ, രാജേന്ദ്രൻ, ഗോവിന്ദ രാജ്, മുരുകേശൻ എന്നിവരുടെ കൃഷിയിടങ്ങൾ പൂർണമായും തകർത്തു. 

കഴിഞ്ഞ ദിവസം ശാന്തരുവിയിലെത്തി കൃഷി നാശമുണ്ടാക്കിയ മൂന്നാനകളാണ് വീണ്ടും എത്തിയത്. ഏലം, കാപ്പി, വാഴ, കുരുമുളക്, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. ആനകളെ തുരത്താന്‍ വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.