2300 വർഷം പഴക്കം; മഹാശിലാ സ്മാരകാവശിഷടങ്ങൾ കണ്ടെത്തി

ഇടുക്കി ചതുരംഗപ്പാറ ശാന്തരുവിയിൽ രണ്ടായിരത്തി മുന്നൂറ് വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന മഹാശിലാ സ്മാരകാവശിഷടങ്ങൾ കണ്ടെത്തി. ബിസി - മുന്നൂറ് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന പുരാതന ജനതയുടെ ശവക്കല്ലറകളുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം. വിഡിയോ സ്റ്റോറി കാണാം. 

ഇടുക്കിയിലെ മറയൂർ മേഖലകളിൽ മലമുകളിൽ കാണപ്പെടുന്ന ശവക്കല്ലറകളോട് സാമ്യമുള്ള കല്ലറകൾ  സമതല പ്രദേശത്തെ ഏലതോട്ടത്തിന് നടുവിൽ നിന്നാണ് കണ്ടെത്തിയത്. കിഴക്കു പടിഞ്ഞാറ് ദിശയിൽ വലിയ ശിലാപാളികൾ ചുറ്റിലും അടുക്കി അതിന് മുകളിൽ മറ്റൊരു വലിയ ശിലാപാളി കൊണ്ട് മൂടപ്പെട്ട നിലയിലാണ് കല്ലറ. ഒരു വശത്തെ പാളിയിൽ അർഥവൃത്താകാരത്തിലുള്ള ഒരു ദ്വാരവും കണ്ടെത്തിയിട്ടുണ്ട്. 

ഈ കല്ലറ ഇസ്രയേലിലും ജോർദാൻ താഴ് വരകളിലും ഈജിപ്റ്റിലും കാണപ്പെടുന്ന  മഹാശിലാ സ്മാരകങ്ങൾക്ക് സമാനമായവയാണ്. ഇത്തരം കല്ലറകൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിവിധ മേഖലകളിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ കാണപ്പെടുന്നത് കല്ലറ സംസ്ക്കാരമുള്ള ഒരു ജനസമൂഹം പുരാതന കാലത്ത് ഇവിടെ അധിവസിച്ചിരുന്നതിന്റെ തെളിവാണെന്നാണ് വിലയിരുത്തൽ. രണ്ടു മാസം മുമ്പ് ചതുരംഗപ്പാറയിൽ നിന്നും പൂപ്പാറയിൽ നിന്നും പുരാതന വീരക്കല്ലുകളും  കണ്ടെത്തിയിരുന്നു.