കോട്ടയത്ത് അനധികൃത കരിങ്കൽ ഖനനം നടത്തിയതായി പരാതി

കോട്ടയം മൂന്നിലവില്‍ ജല സ്രോതസ് നവീകരിക്കുന്നതിന്‍റെ മറവിൽ അനധികൃത കരിങ്കൽ ഖനനം നടത്തിയതായി പരാതി. ഖനനത്തെ തുടർന്ന് കലുങ്ക് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ നിര്‍മാണം നിര്‍ത്തിവെപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്.  

മൂന്നിലവ് പഞ്ചായത്തിൽ മോസ്കോ - അഞ്ച്മല റോഡരുകിലാണ് അനധികൃത കരിങ്കല്‍ ഖനനം നടന്നത്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സായ ഇല്ലിക്കൽ ഓലി നവീകരണത്തിന്റെ മറവിലായിരുന്നു നടപടി. വേനൽ കാലത്ത് നിരവധി കുടുംബങ്ങളുടെ ആശ്രയമാകുന്ന ജലസ്രോതസ് നവീകരിക്കാന്‍ പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചു. ജോലികള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഓലിക്ക് ചുറ്റുമുള്ള പാറ പൊട്ടിച്ചുനീക്കി. 

സ്വകാര്യ വ്യക്തി പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലത്താണ് ജലസ്രോതസ് സ്ഥിതി ചെയ്യുന്നത്. ഇയാളും കരാറുകാരനും ചേര്‍ന്ന് പഞ്ചായത്ത് വില്ലേജ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാറപൊട്ടിച്ചു നീക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ട് മാസം മുൻപ് നിർമാണം പൂർത്തിയാക്കിയ കലുങ്കും പാറ പൊട്ടിക്കലിൽ തകർന്നു.

ഖനനത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തെ വീടുകളിലേക്ക് കരിങ്കല്ലുകൾ തെറിക്കുകയും ഗതാഗതം തടസപെടുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ സംഘടിച്ച്ത്. അന്‍പത് ലോഡിലധികം കല്ല് കടത്തിക്കൊണ്ടുപോയതായും നാട്ടുകാര്‍ ആരോപിക്കുന്നു.  വൻ തോതിൽ പാറ പൊട്ടിച്ച് റോഡിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ മോസ്കോ അഞ്ച്മല റോഡിലൂടെയുളള ഗതാഗതവും മുടങ്ങി. കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുത്തില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.