പുറംബണ്ട് തകർത്ത് വഴി നിർമ്മിച്ചു; പ്രദേശവാസികൾ മലിനജലത്തിൽ

വൈക്കം വെച്ചൂരില്‍ സ്വകാര്യ കമ്പനി വാങ്ങിയ പാടശേഖരത്തിലെ പുറംബണ്ട് തകർത്ത് വഴി നിർമ്മിച്ചതിനാൽ പ്രദേശത്തെ കുടുംബങ്ങൾ കഴിയുന്നത് മലിനജലത്തിൽ. കട്ടപ്പുറം- മുരിയംകേരി പാടശേഖരത്തിലാണ് പതിമൂന്ന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. ജില്ലാ കലക്ടര്‍ 

ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ പ്രദേശത്ത് ഗുരുതര പകര്‍ച്ചാവ്യാധി ഭീഷണി നിലനില്‍ക്കുകയാണ്.  1995 മുതലാണ് കോർപറേറ്റ് കമ്പനി ടൂറിസം ലക്ഷ്യമിട്ട് അറുപത് ഏക്കറിലേറെ വരുന്ന പാടശേഖരത്തിന്‍റെ ഭൂരിഭാഗവും വാങ്ങി കൂട്ടിയത്. വർഷത്തിൽരണ്ട് തവണ കൃഷിയിറക്കിയിരുന്ന പാടത്ത് കൃഷി നിലച്ചതോടെ വെള്ളക്കെട്ട് രൂക്ഷമായി. വേനൽകാലത്തും മുട്ടറ്റം ഉയരത്തിലുള്ള മലിനജലത്തിലൂടെ നീന്തി വേണം താമസകാര്‍ക്ക് വീടുകളിലെത്താന്‍. തുടക്കത്തിൽ സ്വകാര്യ കമ്പനി മോട്ടോർ വച്ച് വെള്ളം വറ്റിച്ചിരുന്നെങ്കിലും പിന്നീട് അത്‌ നിർത്തി. പിന്നാലെ വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള 300 മീറ്ററോളമുള്ള പുറംബണ്ട് തകർത്ത് വഴി നിർമ്മിക്കുകയും ചെയ്തു. അഞ്ചുമന ഓരുമുട്ടിനോട് ചേർന്നുള്ള ഈ 

ഭാഗത്തു കൂടിയാണ് വീടുകളില്‍ വ്യാപകമായി കായൽ വെള്ളം കയറുന്നത്.കൃഷിയില്ലാതായതോടെ കാട്കയറിയ പ്രദേശം വിഷപാമ്പുകളുടെയും വന്യമൃഗങ്ങളുടെയും താവളമായി മാറി. വർഷങ്ങളായി ഒഴിയാത്ത വെള്ളക്കെട്ടിൽ 

മാറാരോഗങ്ങൾക്ക് പുറമെ പലവീടുകളും തകര്‍ച്ച ഭീഷണിയിലാണ്. കോവിഡ് ബാധിച്ചവരുള്‍പ്പെടെ ഈ വെള്ളക്കെട്ടിന് നടുവിലെ വീട്ടിലാണ് താമസം. വെള്ളം 

നിറഞ്ഞ് പല വീടുകളിലും ശുചി മുറികൾ ഉപയോഗിക്കാനാവാത്ത നിലയിലാണ്. നിലവിലെ വീട്ടുകാരെ കൂടി ഒഴിവാക്കി പാടം പൂർണ്ണമായി പിടിച്ചെടുക്കാനാണ് 

സ്വകാര്യ കമ്പനിയുടെ നീക്കമെന്നാണ് ആരോപണം. ഇതിന് റവന്യൂ അധികൃതരുടെ ഒത്താശയുണ്ടെന്നും നാട്ടുകാര്‍ സംശയിക്കുന്നു.