തെരുവുനായ ഭീഷണി; പുറത്തിറങ്ങാനാകാതെ ചമ്പന്നൂര്‍ നിവാസികൾ

തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകാതെ  അങ്കമാലി ചമ്പന്നൂര്‍ നിവാസികള്‍. മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും തെരുവുനായ്ക്കള്‍ 

ആക്രമിക്കുന്നത് ഇവിടെ നിത്യസംഭവമാണ്. അങ്കമാലി വ്യവസായ മേഖലയിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണ് തെരുവു നായ്ക്കളുടെ ആവാസകേന്ദ്രം 

അങ്കമാലി ചമ്പന്നൂരില്‍ നാട്ടുകാര്‍ക്ക് കൊറോണയേക്കാള്‍ പേടി തെരുവു നായ്ക്കളെയാണ്. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം നായ്ക്കൂട്ടങ്ങള്‍ 

എന്നതാണ് ഇവിടുത്തെ അവസ്ഥ. അങ്കമാലി വ്യവസായ മേഖലയില്‍ കാടുപിടിച്ചു കിടക്കുന്ന ഏക്കറു കണക്കിന് സ്ഥലമാണ് തെരുവനായ്ക്കളുടെ 

വിഹാരകേന്ദ്രം. പ്രദേശത്തെ അതിഥി തൊഴിലാളി ക്യാംപുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ വഴിയില്‍ തള്ളുന്നതിനാല്‍ ഭക്ഷണത്തിനും മുട്ടില്ല. 

കോവിഡ് കാലത്ത് ക്യാംപുകള്‍ പലതും അടച്ചു പൂട്ടിയതോടെ ഭക്ഷണം കിട്ടാതായ നായ്ക്കള്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. ആടുകളെയും കോഴികളെയും ഒക്കെ നായ്ക്കള്‍ ഭക്ഷണമാക്കി. വ്യവസായ മേഖലയിലൂടെ ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും യാത്രചെയ്യുന്നവരും തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. 

വ്യവസായ മേഖലയിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിച്ചാല്‍ നായശല്യത്തിന് ഒരു പരിധി വരെ കുറവുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. 

പ്രശ്നത്തില്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും വളര്‍ത്തു മൃഗങ്ങള്‍ നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു