ഉടുമ്പന്‍ചോലയിലെ ഏലമലക്കാടുകള്‍ വനഭൂമിയാക്കാന്‍ നീക്കം; പ്രതിഷേധം

ഇടുക്കി ഉടുമ്പൻചോലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയിൽ സാംപിൾ പ്ലോട്ട് സർവേ നടത്താനൊരുങ്ങി വനംവകുപ്പ്.  മതികെട്ടാൻ ബഫർ സോൺ പ്രഖ്യാപനത്തിന് പിന്നാലെ ഇടുക്കിയിലെ ഏലമലക്കാടുകൾ വനമാക്കി മാറ്റാനുള്ള നീക്കമെന്നാണ്  നാട്ടുകാരുടെ  ആശങ്ക. സർവേക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. 

ഉടുമ്പൻചോല താലൂക്കിലെ ഏലം കുത്തകപ്പാട്ട ഭൂമിയിലാണ് സാംപിൾ പ്ലോട്ട് സർവേ നടത്തണമെന്ന വനംവകുപ്പ് തീരുമാനം. കഴിഞ്ഞ ദിവസം ഹൈറേഞ്ചിന്റെ  ചുമതലയുള്ള വനംവകുപ്പ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ വർക്കിങ് പ്ലാൻ മീറ്റീങ് ദേവികുളത്തു നടത്തിയിരുന്നു. ഈ യോഗത്തിലാണ് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ പുതിയ നിർദേശം പുറത്തു വന്നത്. പുതിയ നിർദേശത്തിന്റെ  പശ്ചാത്തലത്തിൽ ഉടുമ്പൻചോല താലൂക്കിൽ കുത്തകപ്പാട്ട ഭൂമി മുഴുവനും വനമെന്ന വാദമാണ് വനംവകുപ്പ് ഉയർത്തുന്നതെന്ന്  ആരോപണമുണ്ട്.

വരുന്ന 10 വർഷം വനംവകുപ്പ് നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്രെപ്പോസൽ കേന്ദ്ര വനം മന്ത്രാലയത്തിനു നൽകുന്നുണ്ട്. ഈ പ്രൊപ്പോസലിൽ സിഎച്ച്ആർ ഭൂമിയിലെ മരങ്ങളുടെ വളർച്ച, മണ്ണിൻന്റെ ഘടന, സസ്യങ്ങളുടെ കണക്ക് തുടങ്ങിയ വിവരങ്ങളാണ്  ശേഖരിച്ച് നൽകുന്നത്.പുതിയ നിർദ്ദേശം വന്നതോടെ സാംപിൾ പ്ലോട്ട് സർവേ ആരംഭിക്കാനുള്ള ഒരുക്കങ്ങളും നടപടി ക്രമങ്ങളും വനംവകുപ്പ് പൂർത്തിയാക്കി.